കാട്ടാന ആക്രമണം: വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി
Monday, December 16, 2024 5:54 AM IST
കോതമംഗലം: കാട്ടാന ആക്രമണത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തെത്തുടർന്ന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചെന്പൻകുഴി വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മാർച്ച് ഓഫീസിനു മുന്പിൽ പോലീസ് തടഞ്ഞു.
ശനിയാഴ്ച വൈകുന്നേരമാണ് കാട്ടാനക്കൂട്ടം കുത്തിമറിച്ച പനയും സമീപത്തെ പാലമരക്കൊന്പും സ്കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി മരിക്കുകയും സ്കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേൽക്കുകയും ചെയ്തത്.
ഇപ്പോഴും ചെന്പൻകുഴി ഭാഗത്ത് റോഡിനു മുകളിലായി ആന നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സമരത്തിനു നേതൃത്വം നൽകിയവരുമായി കോതമംഗലം തഹസിൽദാറും മൂവാറ്റുപുഴ ഡിവൈഎസ്പിയും ചർച്ച നടത്തി. കളക്ടറുടെ സാന്നിധ്യത്തിൽ ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി ഇന്നു ചർച്ച ചെയ്യാമെന്ന് അറിയിച്ചതിനെത്തുടർന്ന് സമരക്കാർ പിരിഞ്ഞുപോകുകയായിരുന്നു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, പഞ്ചായത്തംഗങ്ങളായ സന്ധ്യ ജെയ്സണ്‍, ജിൻസി മാത്യു, നീണ്ടപ്പാറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ ഓണെലിൽ, ചെന്പൻകുഴി യാക്കോബായ പള്ളി വികാരി ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ സണ്ണി കടുത്താഴെ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജൈമോൻ ജോസ്, ബിജെപി മേഖല സെക്രട്ടറി ഇ.എം സജീവ്, ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി എ.സി. രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.