പുതിയ തസ്തികയിൽ 70,000 രൂപ ശന്പളം; പ്രതിഫലം നിരസിച്ച് തോമസ് ഐസക്ക്
Sunday, December 15, 2024 12:30 AM IST
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ച മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് 70,000 രൂപ പ്രതിമാസ ശന്പളവും ഇന്ധനച്ചെലവും ഡ്രൈവറുടെ ശന്പളവും നല്കാൻ തീരുമാനം.
എന്നാൽ പ്രതിഫലം വാങ്ങില്ലെന്ന് തോമസ് ഐസക് അറിയിച്ചു. നോളജ് ഇക്കോണമി മിഷൻ ഉപദേശക സ്ഥാനം ഐസക്ക് ഏറ്റെടുത്തു. ഈ സർക്കാരിന്റെ കാലാവധി കഴിയും വരെയാണ് നിയമനം.
2021 മുതൽ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ (കെ-ഡിസ്ക്) മുഖേനെ നടപ്പാക്കി വരുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ, അഥവാ കെകെഇഎം. ഇതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി വിജ്ഞാന കേരളം എന്ന പേരിൽ വിപുലീകരിക്കാനാണ് തോമസ് ഐസക്കിനെ നിയോഗിച്ചത്.
തോമസ് ഐസക്കിനെ ഉപദേശകനായി നിയമിച്ച ഉത്തരവ് പുറപ്പെടുവിച്ചത് കെ ഡിസ്ക് എക്സ് ഓഫിഷ്യോ സെക്രട്ടറിയായ ഡോ.കെ.എം. ഏബ്രഹാമാണ്.
അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ എക്സ് ഓഫിഷ്യോ സെക്രട്ടറി എന്ന നിലയിലാണ് നിയമന ഉത്തരവിറക്കിയത്.
എന്നാൽ, ഇത്തരം ഉത്തരവിറക്കാൻ എക്സ് ഓഫിഷ്യോ സെക്രട്ടറിക്കു കഴിയില്ലെന്നും ആരെങ്കിലും കോടതിയിൽ കേസ് ഫയൽ ചെയ്താൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദവുമുണ്ട്. ആസൂത്രണ- സാന്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് ചട്ടം അനുസരിച്ച് ഇതു സംബന്ധിച്ച നിയമന ഉത്തരവ് ഇറക്കേണ്ടതെന്ന വാദവമുണ്ട്.