“ആദിത്യയിൽനിന്നുള്ള ആദ്യ സിഗ്നലിനായി കാത്തിരിക്കുന്നു”; പ്രതീക്ഷയോടെ എൽപിഎസ്സി ഡയറക്ടർ
Monday, January 8, 2024 3:33 AM IST
തിരുവനന്തപുരം: ആദിത്യ എൽ1 വിക്ഷേപണം വിജയകരമായതിനു പിന്നാലെ ആദ്യ സിഗ്നലിനായി കാത്തിരിക്കുകയാണെന്നു ശാസ്ത്രജ്ഞർ. ആദ്യ സിഗ്നൽ എപ്പോൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ആദിത്യ എൽ 1 വിക്ഷേപണത്തിൽ പങ്കുവഹിച്ച എൽപിഎസ്സി ഡയറക്ടർ ഡോ. വി. നാരായണൻ പറഞ്ഞു.
“ആദിത്യയിൽ ഏഴ് പ്രധാന ഉപകരണങ്ങളാണുള്ളത്. ആദ്യ സിഗ്നൽ എപ്പോൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാണ് ഈ നേട്ടങ്ങൾ. ആദിത്യ എൽ 1ൽനിന്ന് എപ്പോൾ സിഗ്നൽ കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ല. 100% ടെൻഷൻ ഇല്ലാതെയാണ് ആദിത്യ എൽ 1 വിക്ഷേപണം നടന്നത്. ആദിത്യ എൽ 1 ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന് കഴിഞ്ഞു.”
“സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് ഉപകരണങ്ങളാണ് ആദിത്യ എൽ 1 ൽ ഉള്ളത്. ആദിത്യ എൽ 1 ഭ്രമണപഥത്തിലെത്തിയതോടെ സൗരദൗത്യത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇപ്പോൾ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങൾ.
രാജ്യത്തിന്റെ പ്രഥമ സൗരപര്യവേക്ഷണ ദൗത്യമായ ആദിത്യഎൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്കു ശേഷമാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പേടകം ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തി. അഞ്ചു വർഷമാണ് ദൗത്യകാലാവധി. പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോർ (എൽഎഎം) എൻജിനും എട്ട് 22 ന്യൂട്ടണ്‍ ത്രസ്റ്ററുകളുമാണുള്ളത്. ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്”- ഡോ. നാരായണൻ പറഞ്ഞു.
2025ൽ മനുഷ്യനുമായുള്ള ഗഗൻയാൻ
2025ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ സാധ്യമാകുമെന്ന് എൽപിഎസ്സി ഡയറക്ടർ ഡോ വി.നാരായണൻ. 2024-25 ഗഗൻയാൻ വർഷമാണ്. അടുത്ത ജിഎസ്എൽവി വിക്ഷേപണതിനും രാജ്യം സജ്ജമാണ്. രാജ്യത്തിന്റെ സ്പേസ് സ്റ്റേഷൻ 2035ഓടെ യാഥാർഥ്യമാകുമെന്നും ഡോ.വി. നാരായണൻ പറഞ്ഞു. ഈ വർഷം ആളില്ലാതെ റോക്കറ്റ് പരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി പരീക്ഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.