ഏറ്റെടുത്തത് തകര്‍ന്നടിഞ്ഞുകിടന്ന നാടിന്റെ ഭരണസാരഥ്യം: മുഖ്യമന്ത്രി
Tuesday, April 22, 2025 3:00 AM IST
കാലിക്കടവ് (കാസര്‍ഗോഡ്): 2016ല്‍ തകര്‍ന്നടിഞ്ഞു കിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാലിക്കടവ് മൈതാനത്ത് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിനെ കാലോചിതമായി മാറ്റി വികസനം ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി മുന്നോട്ടു പോയപ്പോള്‍ ഒന്നിനു പുറകെ ഒന്നായി ഉണ്ടായ പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, നൂറ്റാണ്ടിലെ മഹാപ്രളയം, കോവിഡ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്തു നല്‍കിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണ്.
ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സംസ്ഥാനത്തിന്റെ കൂടെനിന്ന് അതിജീവനം നേടാന്‍ സഹായിക്കാന്‍ ബാധ്യതയുള്ളവര്‍ ഒരു ഘട്ടത്തിലും ആവശ്യമായ സഹായം നല്‍കിയില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ലഭിക്കാന്‍ സാധ്യതയുള്ള സഹായങ്ങള്‍ അധികാരം ഉപയോഗിച്ച് തടയുകയും ചെയ്തു.
എല്ലാ സഹായവും നിഷേധിച്ച കേന്ദ്രസര്‍ക്കാരില്‍നിന്നുതന്നെ കേരളത്തിന്റെ മികവിനുള്ള പുരസ്കാരങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വാങ്ങാന്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ആകാവുന്ന രീതിയില്‍ പുരോഗതിയിലേക്ക് നയിക്കാനാണു ശ്രമിച്ചത്.
കേരളത്തില്‍ നടപ്പിലാക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും സര്‍ക്കാരിനു നടപ്പിലാക്കാന്‍ സാധിച്ചു. 2016ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ റോഡുകള്‍ വികസിച്ചു. റോഡ് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണതയിലേക്ക് എത്തി. ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുന്നതോടെ അധികം സമയമില്ലാതെയുള്ള സഞ്ചാരവും സാധ്യമാകും.
ഗെയില്‍ പൈപ്പ്ലൈന്, സിറ്റി ഗ്യാസ് പദ്ധതി, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, ഗ്രീന്‍ഫീല്‍ഡ് ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം- ബേക്കല്‍ ജലപാത തുടങ്ങി നാടിന്റെ മാറ്റം ആരെയും കൊതിപ്പിക്കുന്നതാണ്.
കേരളത്തിന്റെ പ്രകൃതിഭംഗിയോടൊപ്പം പശ്ചാത്തല സൗകര്യവും വികസിക്കുന്നു. 60 ലക്ഷം പേര്‍ക്ക് 1600 രൂപ ക്ഷേമപെന്ഷന് നല്കിവരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം, കൃഷി തുടങ്ങിയ സമസ്ത മേഖലകളിലും കേരളം പുരോഗതിയുടെ പാതയിലാണ് -മുഖ്യമന്ത്രി പറഞ്ഞു.