മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കെതിരേ കേസ്
Monday, April 21, 2025 5:39 AM IST
നീലേശ്വരം: മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കെതിരേ റെയിൽവേ ആക്ട് പ്രകാരം ആർപിഎഫ് കേസെടുത്തു.
നീലേശ്വരം സ്റ്റേഷൻ മാസ്റ്റർ രാജസ്ഥാൻ സ്വദേശി ഘനശ്യാം മഹേശ്വറിനെതിരേയാണ് (36) കേസ്. സ്റ്റേഷൻ മാസ്റ്റർ മദ്യലഹരിയിൽ നേരേ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന കാര്യം മറ്റു ജീവനക്കാരാണു റെയിൽവേ പോലീസിനെ അറിയിച്ചത്. തുടർന്ന് റെയിൽവേ പോലീസ് നീലേശ്വരം പോലീസിന്റെ സഹായത്തോടെ ബ്രത്തന ലൈസർ ഉപയോഗിച്ച് പരിശോധന നടത്തി.
മദ്യപിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചതോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തസാമ്പിൾ എടുത്ത ശേഷം താമസസ്ഥലത്തേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. സംഭവം റെയിൽവേ അധികൃതർക്ക് റിപ്പോർട്ട് ചെയ്ത് ഇദ്ദേഹത്തിനെതിരേ വകുപ്പുതല നടപടികളും ഉണ്ടാകുമെന്നാണ് സൂചന.