പുഞ്ചിരിമട്ടം ദുരന്തം : വാഴവറ്റയിൽ മാനന്തവാടി രൂപത നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്
Monday, April 21, 2025 5:39 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിത കുടുംബങ്ങൾക്ക് മാനന്തവാടി രൂപത നിർമിച്ചുനൽകുന്ന വീടുകളുടെ അടിസ്ഥാനശില വെഞ്ചരിപ്പുകർമം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിക്കും. ഇതോടുനുബന്ധിച്ചു ചേരുന്ന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തന റിപ്പോർട്ട് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അവതരിപ്പിക്കും. ഭവന പദ്ധതി ഗുണഭോക്തൃ കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമാവകാശ രേഖ ടി. സിദ്ദിഖ് എംഎൽഎ കൈമാറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, മുട്ടിൽ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ പി.എം. സന്തോഷ്കുമാർ, കെ.എസ്. സുമ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം വെൽഫെയർ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കോലത്തുവള്ളിൽ, വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അനിൽ മുഞ്ഞനാട്ട്, കൽപ്പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപ്പുറം, ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിബിൻ വട്ടുകുളത്തിൽ, ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, പാക്കം പള്ളി വികാരി ഫാ. ജെയ്സണ് കളത്തിപ്പറന്പിൽ, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, ഫെഡറൽ ബാങ്ക് റിട്ട.ഫോറം സെക്രട്ടറി പോൾ മുണ്ടാടൻ എന്നിവർ പ്രസംഗിക്കും. രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോളിക്കൽ സ്വാഗതവും പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ പാലംപറന്പിൽ നന്ദിയും പറയും.
ദുരന്തബാധിതർക്ക് 50 വീടുകളാണ് മാനന്തവാടി രൂപത നിർമിക്കുന്നത്. ഇതിൽ 38 എണ്ണം വാഴവറ്റയിലാണ്. രൂപത വിലയ്ക്കുവാങ്ങിയ 3.5 ഏക്കറിലാണു ഭവന പദ്ധതി നടപ്പാക്കുന്നത്. അഞ്ച് മുതൽ 15 വരെ സെന്റ് ഭൂമിയും വീടുമാണു കുടുംബങ്ങൾക്കു ലഭ്യമാക്കുക. അംഗങ്ങളുടെ എണ്ണം കണക്കിലെടുത്ത് മൂന്നും രണ്ടും കിടപ്പുമുറികളുള്ള വീടുകളാണു നിർമിച്ചു കൈമാറുക. ഭവന പദ്ധതി ആറു മാസത്തിനകം പൂർത്തിയാക്കാനാണ് രൂപത നേതൃത്വത്തിന്റെ തീരുമാനം. ഓരോ വീട്ടിലും വൈദ്യുതി, വെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. തൊഴിൽ പരിശീലന കേന്ദ്രം, മാർക്കറ്റ്, കുട്ടികളുടെ വിനോദത്തിനുള്ള പൊതു ഇടം തുടങ്ങിയവ പുനരധിവാസ കേന്ദ്രത്തിൽ ഉണ്ടാകും.