മുഖ്യമന്ത്രിയുടെ ഈസ്റ്റര്‍ ആശംസ
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്.
പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവയ്ക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു.
എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈസ്റ്റര്‍ ആഘോഷങ്ങളെന്നും ഈസ്റ്റർ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.