സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിക്കും
Sunday, April 20, 2025 1:00 AM IST
ആലുവ: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നാലാം വാർഷികാഘോഷ പരിപാടികളിൽ നിന്നും ഉദ്ഘാടന ചടങ്ങുകളിൽ നിന്നും പൂർണമായി വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലുവ പാലസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം യുഡിഎഫ് ജനപ്രതിനിധികൾക്ക് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാം. യുഡിഎഫ് ജനപ്രതിനിധികളുടെ ശ്രമഫലം കൊണ്ടു കൂടിയാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽ എംപി, എംഎൽഎ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. സംസ്ഥാന സർക്കാരിന്റെ എണ്ണിയാൽ ഒടുങ്ങാത്ത ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാർഷികം ആഘോഷിക്കാനുള്ള ഒരവകാശവും സംസ്ഥാന സർക്കാരിനില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലുമാക്കി. അടിസ്ഥാനവർഗത്തെ അവഗണിച്ചു.
ആരോഗ്യ കാർഷിക, വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വമാണ്. പാവപ്പെട്ട മനുഷ്യർ വന്യജീവി ആക്രമണങ്ങളിൽ പെടുമ്പോഴും തിരിഞ്ഞുനോക്കുന്നില്ല.
18 പേരെ ആനചവിട്ടിക്കൊന്നിട്ടും സർക്കാരിന് അനങ്ങാപ്പാറ നയമാണ്. കോർപറേറ്റ് തീവ്രവലതു സ്വഭാവമാണ് സർക്കാരിനിപ്പോഴെന്നും സമരം ചെയ്യുന്ന ആശാ വർക്കർമാരെ പരിഹസിക്കുന്നതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.