സമൂഹമാധ്യമ വ്യാജ പ്രചാരണത്തിനെതിരേ ഗായകൻ ജി. വേണുഗോപാൽ
Monday, April 21, 2025 5:39 AM IST
തിരുവനന്തപുരം: ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു പത്രസമ്മേളനം നടത്തണോ എന്ന ചോദ്യത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് എതിരേ ഗായകൻ ജി. വേണുഗോപാൽ പോസ്റ്റിട്ടത്. നീ ഇടയ്ക്കിടെ ചത്താൽ ഞങ്ങളെന്തു ചെയ്യുമെടേ എന്ന സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയ സോഷ്യൽ മീഡിയ ട്രോളുകൾക്കുള്ള മറുപടിയായാണ് മലയാളത്തിന്റെ പ്രിയ ഗായകൻ ജി. വേണുഗോപാൽ ശ്രീനഗറിൽനിന്നു മറുപടി കുറിച്ചത്.
മരണം കീഴടക്കി, കണ്ണീരായി ഗായകൻ ജി. വേണുഗോപാൽ’ എന്ന തലക്കെട്ടിലായിരുന്നു സമൂഹ മാധ്യമ പ്രചാരണം. ഈ വർഷം ഇതു രണ്ടാം തവണയാണ് താൻ മരിച്ചു എന്ന വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായതെന്നു ജി. വേണുഗോപാൽ പറഞ്ഞു. തന്റെ സ്കൂൾ ഗ്രൂപ്പ് അംഗങ്ങളാണ് മരണ വിവരം ശ്രദ്ധയിൽപ്പെടുത്തിയത്.
മല്ലു റോക്ക്സ് 123 എന്ന ഹാൻഡിൽ വഴിയാണ് പ്രചാരണമുണ്ടായത്. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നീ ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..’ എന്ന ശീർഷകത്തോടെ സുഹൃത്തുക്കളാണ് ഇത് അയച്ചു തന്നതെന്ന് ജി. വേണുഗോപാൽ പറയുന്നു.
ജി. വേണുഗോപാൽ സമൂഹമാധ്യമത്തിൽ മറുപടി കുറിച്ചത്: ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഞാൻ. ഇപ്പോൾ കാശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും മഞ്ഞു മലകയറ്റവും കഴിഞ്ഞു ഭാര്യയുമൊത്ത് ശ്രീനഗറിൽ തിരിച്ചെത്തിയപ്പോഴാണ് ഇത്തരമൊരു സോഷ്യൽ മീഡിയ ട്രോൾ തിരുവനന്തപുരം മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയതെന്നും പറയുന്നു.
വേണുഗോപാലിന്റെ പേരിൽ പ്രവർത്തിക്കുന്ന ‘സസ്നേഹം ജി. വേണുഗോപാൽ’ എന്ന സന്നദ്ധ ഫൗണ്ടേഷൻ ചികിത്സാ സഹായം നൽകുന്ന ആദിത്യൻ എന്ന വിദ്യാർഥിയുടെ മരണം സംബന്ധിച്ച് ഗായകൻ പോസ്റ്റ് പങ്കുവച്ചിരുന്നു.
അതാണ് ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്നാണ് സൂചന. ആർസിസിയിലെ കുട്ടികളുടെ വാർഡിലും പുറത്തുമായി ഈ സന്നദ്ധ സംഘടനയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.