കുരിശ് പിഴുതെറിഞ്ഞ സംഭവം; തൊമ്മൻകുത്തിൽ കുരിശിന്റെവഴിക്ക് വിശ്വാസി സഹസ്രങ്ങൾ
Sunday, April 20, 2025 1:00 AM IST
തൊമ്മൻകുത്ത്: സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് പിഴുതെറിഞ്ഞ സ്ഥലത്തേക്ക് ദു:ഖവെള്ളിയാഴ്ച നടത്തിയ കുരിശിന്റെ വഴിയിൽ അണിനിരന്നത് ആയിരങ്ങൾ. മരക്കുരിശേന്തി പീഡാനുഭവവഴിയിലെ 14 സ്ഥലങ്ങൾ ധ്യാനിച്ച് പ്രാർഥനാമന്ത്രങ്ങൾ ഉരുവിട്ടാണ് ഇവിടേക്ക് വിശ്വാസികൾ നടന്നുനീങ്ങിയത്.
വൈദികർ, കന്യാസ്ത്രീകൾ, കത്തോലിക്ക കോണ്‍ഗ്രസ്, കെസിവൈഎം, മാതൃവേദി, വിൻസെന്റ് ഡിപോൾ, സിഎംഎൽ, പിതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴി. തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിക്കുപുറമേ സമീപ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികളും കുരിശിന്റെ വഴിയിൽ പങ്കാളികളായി.
സെന്റ് തോമസ് പള്ളിയിൽനിന്ന് ആരംഭിച്ച കുരിശിന്റെ വഴി കുരിശ് പിഴുതെടുത്ത സ്ഥലത്തിനു സമീപം വനംവകുപ്പ് തടയാൻ ശ്രമിച്ചു. ഇവിടേക്ക് പ്രവേശിച്ചാൽ കേസെടുക്കുമെന്ന് വനംവകുപ്പധികൃതർ ഭീഷണി മുഴക്കിയെങ്കിലും അതൊന്നും വകവയ്ക്കാതെ വിശ്വാസികൾ കുരിശുപിഴുത സ്ഥലത്തെത്തി പ്രാർഥനയും സ്ലീവാചുംബനവും നടത്തിയാണ് മടങ്ങിയത്.
കരിമണ്ണൂർ എസ്എച്ച്ഒ വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. കുരിശിന്റെ വഴിക്ക് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.വിൻസെന്റ് നെടുങ്ങാട്ട്, പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം, രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് സണ്ണികടൂത്താഴെ, പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ, സണ്ണി കളപ്പുര, ആൻസണ്‍ കല്ലുങ്കൽതാഴെ, സോജൻ മുണ്ടൻകാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.
റേഞ്ച് ഓഫീസർക്കെതിരേ പരാതിയുമായി കർഷകർ രംഗത്ത്
തൊമ്മൻകുത്ത്: വണ്ണപ്പുറം റേഞ്ച് ഓഫീസർക്കെതിരേ കടുത്ത പ്രതിഷേധവുമായി തൊമ്മൻകുത്തിലെ കർഷകർ രംഗത്ത്. കടുത്ത കർഷക ദ്രോഹനടപടികളാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നും പട്ടയഭൂമിയിലെ മരങ്ങൾ വെട്ടിവിൽക്കുന്നതുപോലും ഇദ്ദേഹം ഗാർഡുമാരെ പറഞ്ഞുവിട്ട് തടയുകയാണെന്നും നാട്ടുകാർ പറഞ്ഞു.
കൈക്കൂലി നൽകിയാൽ മാത്രമേ തടി കൊണ്ടുപോകാൻ അനുവദിക്കുകയുള്ളൂവെന്നും അതിനാൽ യഥാർഥവിലയുടെ മൂന്നിലൊന്നുപോലും തങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കർഷകർ ആരോപിച്ചു.
ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം സിസിഎഫിന് പരാതി നൽകിയതായും കർഷകർ പറഞ്ഞു. തൊമ്മൻകുത്ത് പള്ളി നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിശുദ്ധ വാരത്തിൽ പൊളിച്ചു നീക്കിയത്.