ആന്ജിയോപ്ളാസ്റ്റിയിൽ ചരിത്രമെഴുതിയ ഡോ. മാത്യു സാമുവൽ
Sunday, April 20, 2025 1:00 AM IST
കോട്ടയം: നാലുപതിറ്റാണ്ട് മുമ്പ് രാജ്യത്ത് ആദ്യമായി ആന്‍ജിയോപ്ളാസ്റ്റി നടത്തി ചരിത്രമെഴുതിയ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ ഓര്‍മയായി.
മരിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് വരെ വീല്‍ച്ചെയറിലെത്തി ആന്‍ജിയോപ്ളാസ്റ്റി നടത്തിയ കര്‍മോത്സുകമായ ജീവിതസപര്യക്ക് കൂടിയാണ് അന്ത്യമായത്. കോട്ടയം നഗരത്തിനടുത്ത് മാങ്ങാനത്തു നിന്ന് ലോകം അറിയപ്പെടുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായത് കഠിനാദ്ധ്വാനത്തിലൂടെയാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയായെങ്കിലും സര്‍ജറിക്ക് പ്രവേശനം കിട്ടാതായപ്പോള്‍ പീഡിയാട്രിക് സര്‍ജറി ട്യൂട്ടറെന്ന ജോലിയായിരുന്നു ആദ്യം. ചെന്നൈയിലെ ഉപരിപഠന ജീവിതമാണ് ഡോ.മാത്യുവിനെ മാറ്റി മറിച്ചത്. ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് വായിച്ചറിവ് മാത്രമുണ്ടായിരുന്ന കാലത്താണ് അത് സ്വന്തം നാട്ടിലും നടപ്പാക്കണമെന്ന ചിന്തയുദിക്കുന്നത്.
അറ്റ്ലാന്റയിലെ എമറി സര്‍വകലാശാലയില്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി. നാട്ടില്‍ തിരിച്ചെത്തിയ ഡോ.മാത്യു 1986ല്‍ ചരിത്രമെഴുതി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.
ആദ്യവര്‍ഷം 18 പേരില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തിയെങ്കില്‍ രണ്ടാം വര്‍ഷം എഴുപതും പിന്നീടതിന്റെ ഇരട്ടിയും നാലിരട്ടിയുമൊക്കയായി. 1987 മുതല്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ മറ്റു ഡോക്ടര്‍മാര്‍ക്കു പരിശീലനം നല്കാന് തുടങ്ങി. അങ്ങനെ ഇന്ത്യയിലെ ആന്ജിയോപ്ലാസ്റ്റിയുടെ ഗുരുവും നാഥനുമായി ഡോ. മാത്യു മാറുകയായിരുന്നു.
ആന്‍ജിയോപ്ലാസ്റ്റിയില്‍ ലോഹ സ്റ്റെന്റുകള്‍ക്ക് പകരം സ്വയം വിഘടിച്ച് ഇല്ലാതാകുന്ന ബയോ സ്റ്റെന്റുകള്‍ വികസിപ്പിച്ചത് ഡോ. മാത്യു സാമുവല്‍ കളരിക്കലിന്റെയും ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് കണ്‍സല്‍റ്റന്റ് ഡോ. സായ് സതീഷിന്റെയും നേതൃത്വത്തിലായിരുന്നു.