പഠനപിന്തുണയുടെ ഭാഗമായുള്ള പുനഃപരീക്ഷകള്‍ അടുത്തയാഴ്ച മുതല്‍
Monday, April 21, 2025 3:53 AM IST
തിരുവനന്തപുരം: പഠനപിന്തുണയുടെ ഭാഗമായുള്ള പുനഃപരീക്ഷകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ ആരംഭിച്ച മിനിമം മാര്‍ക്ക് സമ്പ്രദായത്തെ തുടര്‍ന്ന് എല്ലാ വിദ്യാലയങ്ങളിലും പഠന പിന്തുണ പരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന പഠന പിന്തുണ ക്ലാസുകള്‍ക്ക് വിദ്യാഭ്യാസ ഓഫീസര്‍മാരും സമഗ്ര ശിക്ഷ കേരളവും വലിയ പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ വിദ്യാലയങ്ങളിലുള്ള ഓരോ കുട്ടികളും അവരുടെ അടിസ്ഥാനശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പാക്കുന്ന തരത്തില്‍ അതുവഴി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടുള്ള സമഗ്രമായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത അധ്യയനവര്‍ഷത്തിലും നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.