സിനിമയ്ക്കു പുറത്ത് നിയമനടപടിയുമായി മുന്നോട്ടില്ലെന്ന് വിന് സി. അലോഷ്യസ്
Tuesday, April 22, 2025 2:59 AM IST
കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരേ സിനിമയ്ക്ക് പുറത്ത് നിയമനടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന് സി. അലോഷ്യസ്.
സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോടു സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അഥോറിറ്റിക്കും നല്കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ടു പോകുമെന്നും നടി വ്യക്തമാക്കി.
സിനിമാമേഖലയില്‍ മാറ്റം ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നുമാണ് തന്റെ ആവശ്യം. അതിനുവേണ്ടിയാണ് ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അഥോറിറ്റിയിലും പരാതി നല്‍കിയത്.
“സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാല പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല.
സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐ സി യോഗത്തില്‍ പങ്കെടുക്കും’’, വിന് സി. പറഞ്ഞു. സൂത്രവാക്യം സിനിമയുടെ സൈറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു നടിയുടെ പരാതി.