കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ കോടതിയും പോലീസും കൈകോർക്കുന്നു
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ കോടതിയും പോലീസും കൈകോർക്കുന്നു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി- ക്രിമിനൽ കേസുകളിലെ നടപടികൾ ഒഴിവാക്കുന്നതിനായി ജില്ലാ കോടതിയും പോലീസും അതിവേഗ പെറ്റി കേസ് ഡ്രൈവ് സംഘടിപ്പിക്കും.
മേയ് 30 വരെ ജില്ലയിലെ മുഴുവൻ മജിസ്ട്രേറ്റ് കോടതികളിൽ നടക്കുന്ന ഡ്രൈവിൽ പിഴ അടച്ചു കേസ് തീർക്കാൻ അവസരം ഒരുക്കും.
വിവിധ പെറ്റിക്കേസുകളിൽപെട്ട് നിരവധി വർഷം കോടതി നടപടികളിൽ കുരുങ്ങിയിട്ടുള്ളവർക്ക് പാസ്പോർട്ട് എടുക്കാനും, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടക്കം ലഭിക്കുന്നതിനും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്.
ക്രിമിനൽ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങളേയും ബാധിക്കുന്നു. പ്രധാന കേസുകൾ പരിഗണിക്കാനാകാതെ ഇത്തരം പെറ്റിക്കേസുകൾ പരിഗണിച്ച് സമയനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് അതിവേഗ പെറ്റി കേസ് ഡ്രൈവ് നടത്താൻ തീരുമാനമെടുത്തത്.
പെറ്റിക്കേസുകളുള്ളവർ മേയ് 30നകം അതാതു കോടതികളിൽ ഹാജരായി കേസുകൾ തീർപ്പാക്കാനാണ് പദ്ധതിയിലുള്ളത്. നിലവിൽ കോടതികളിൽനിന്ന് വാറന്റ് പുറപ്പെടുവിച്ചാൽ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതു വരെ വാറന്റ് നിലനിൽക്കും.
വർഷങ്ങൾ കഴിഞ്ഞാലും ഇവരെ പോലീസിന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമുണ്ട്. നിസാരമായി പെറ്റി അടച്ച് ഒഴിവാക്കേണ്ട കേസുകളാണ് ഇതിൽ പലതും. അതു മനസിലാക്കാത്ത പ്രതികൾ അവരുടെ ഭാവിതന്നെ തകർക്കുന്ന തരത്തിൽ ഇത്തരം കേസുകളിൽനിന്ന് ഒളിച്ചുനിൽക്കും.
ഇക്കാര്യം മനസിലാക്കി പെറ്റി അടച്ച് പല കേസുകളും ഒഴിവാക്കിയാൽ ഇത്തരക്കർക്ക് വേഗത്തിൽതന്നെ പാസ്പോർട്ട് വെരിഫിക്കേഷവൻ, പോലീസ് ക്രിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കും.