മയക്കുമരുന്ന് കേസ്; നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ജാമ്യത്തിൽ വിട്ടു
Sunday, April 20, 2025 1:00 AM IST
കൊച്ചി: മയക്കുമരുന്ന് കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മൂന്നാം നിലയിലെ മുറിയില്‍നിന്നു ജനല്‍ച്ചില്ല് തകര്‍ത്ത് ചാടി രക്ഷപ്പെട്ട ഷൈൻ ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
തുടര്‍ന്ന് നാലര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് ആക്ട് 27 (ബി), 29, ബിഎന്‍എസ് 238 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ലഹരി ഉപയോഗം, മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരണ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഷൈനിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വൈകുന്നേരം 5.30ഓടെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് (25) കൂട്ടുപ്രതിയാണ്. ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പടുത്തും.
രാവിലെ 10.30ന് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും അര മണിക്കൂര്‍ മുമ്പേ സ്വകാര്യ വാഹനത്തില്‍ ഷൈൻ സ്റ്റേഷനിലെത്തി. അഭിഭാഷകനും മറ്റ് രണ്ടുപേരും ഒപ്പമുണ്ടായിരുന്നു.
എറണാകുളം സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, എറണാകുളം എസിപി പി. രാജ്കുമാര്, നാര്‍ക്കോട്ടിക്സ് എസിപി അബ്ദുള്‍ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
32 ചോദ്യങ്ങളടങ്ങിയ പട്ടിക തയാറാക്കിയിരുന്നു. ലഹരി ഉപയോഗിക്കാറില്ല, ഇടപാടുകാരുമായി ബന്ധമില്ല എന്നെല്ലാം ഷൈന്‍ വാദിച്ചെങ്കിലും ബാങ്ക് ഇടപാട് രേഖകള്‍, വാട്ട്സാപ്പ് ചാറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ തെളിവുകളായി നിരത്തിയതോടെ എല്ലാം സമ്മതിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് 2.15ഓടെ ഷൈനിനെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി ഉച്ചകഴിഞ്ഞ് മൂന്നോടെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് കണ്ടെത്താന്‍ ഷൈനിന്റെ നഖം, മുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇത് തിരുവനന്തപുരം ഫോറന്‍സിക് ലാബിൽ പരിശോധനയ്ക്ക് അയക്കും. ഷൈനിന്റെ മാതാപിതാക്കളും സഹോദരനും നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
മാതാപിതാക്കളുടെ ജാമ്യത്തിലാണ് ഷൈനിനെ വിട്ടയച്ചത്. സംസ്ഥാനത്തെ ആദ്യ കൊക്കെയ്ന്‍ കേസില്‍ പ്രതിയായ ഷൈനിനെ അടുത്തിടെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.