നാഷണൽ ഹെറാൾഡിനെതിരായ കേസ് മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: ദീപദാസ് മുൻഷി
Tuesday, April 22, 2025 2:59 AM IST
തിരുവനന്തപുരം: രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനും കോണ്‍ഗ്രസ് പാർട്ടിയെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നതിനുമു ള്ള ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് നാഷണൽ ഹെറാൾഡിനെതിരായ കേസെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിലാണയിരുന്നു പ്രതികരണം.
നിയമപരമല്ലാത്ത ഒരു കാര്യവും നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. യംഗ് ഇന്ത്യഎന്ന കന്പനി രൂപീകരിച്ചത് കന്പനി ആക്ടിലെ സെക്ഷൻ 25 അനുസരിച്ചാണ്. നോണ്‍ പ്രോഫിറ്റ് കന്പനിയായിട്ടാണത് രൂപീകരിച്ചത്. കന്പനി ആക്ടിലെ എല്ലാ നിബന്ധനങ്ങളും പാലിച്ചാണ് അതു പ്രവർത്തിച്ചത്. ഒരു രൂപയുടെ കള്ളപ്പണ ഇടപാടും ഇതിൽ നടന്നിട്ടില്ല.
സാന്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ശന്പളം, വൈദ്യുതി ചാർജ് ഉൾപ്പെടെ മുടങ്ങുന്ന അവസ്ഥ ഉണ്ടായപ്പോൾ വിവിധ കാലഘട്ടങ്ങളിലായി 90 കോടിയോളം രൂപ തവണകളായി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പിനായി കോണ്‍ഗ്രസ് കടമായി നൽകി സഹായിച്ചു. ഈ തുക ജീവനക്കാരുടെ ശന്പള കുടിശിക തീർക്കാനും വിആർഎസ് ആനുകൂല്യങ്ങൾക്കുമാണ് വിനിയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖയുണ്ട്.
യംഗ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ശന്പളം പോലും എടുക്കാൻ സാധ്യമല്ല. അദ്ദേഹം പറഞ്ഞു.
സ്വത്തോ ആസ്തികളോ കൈമാറ്റം ചെയ്യുകയോ അതിൽ നിന്ന് ഒരു രൂപ പിൻവലിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ബിജെപി ഉന്നയിക്കുന്നത്. മുന്‍പ് ഈ ആരോപണം ഉന്നയിച്ച സുബ്രഹ്മണ്യൻ സ്വാമിയുടെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു.
ഇഡി അന്വേഷണത്തോട് കോണ്‍ഗ്രസ് പൂർണമായും സഹകരിക്കുകയും ചെയ്തിട്ടുണ്ട്. 2014ൽ ഇഡി കേസ് അന്വേഷിച്ച് പരാതിയിൽ കഴന്പില്ലെന്ന് കണ്ടെത്തിയതാണ്. എന്നാൽ ബിജെപി ഗാന്ധി കുടുംബത്തെ ഉന്നംവച്ച് കേസുമായി മുന്നോട്ട് പോകുക ആയിരുന്നു.
ജനം കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിശ്വസിക്കുന്നുവെന്നും അവരിൽ പ്രതീക്ഷ പുലർത്തുന്നു എന്നും മനസിലാക്കിയ മോദി ഭരണകൂടം രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളെ തേജോവധം ചെയ്യുന്നതിനാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും ദീപദാസ് മുൻഷി കുറ്റപ്പെടുത്തി.