നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ
സ്വന്തം ലേഖകൻ
Monday, April 21, 2025 4:01 AM IST
മലപ്പുറം: നിലമലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുനിമിഷവും ഉണ്ടാകുമെന്നതിനാൽ വിജയതന്ത്രം ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് മുന്നണികൾ. ന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുനിമിഷവും ഉണ്ടാകുമെന്നതിനാൽ വിജയതന്ത്രം ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് മുന്നണികൾ. സ്ഥാനാർഥി നിർണയം കോണ്‍ഗ്രസിനു കീറാമുട്ടിയാകുമെന്നും യുഡിഎഫിൽ ഭിന്നതയുണ്ടാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് എൽഡിഎഫ്. അങ്ങിനെയുണ്ടായാൽ അതു മുതലെടുത്ത് സ്ഥാനാർഥിനിർണയം നടത്താനായാരിക്കും എൽഡിഎഫ് പദ്ധതി. എന്നാൽ ഭിന്നതയുണ്ടാകാതെ സാഥാനാർഥിയെ നിശ്ചയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്പോഴും സീറ്റിനായുള്ള പിടിവലി തുടരുകയാണ്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഒരുപോലെ സാധ്യതയുറപ്പിച്ച് നിൽക്കുകയാണ് കോണ്‍ഗ്രസിൽ. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കായി പി.വി. അൻവർ സമ്മർദം ഉയർത്തിയതോടെയാണുണ് സ്ഥാനാർഥിനിർണയത്തിൽ തർക്കമുണ്ടാകാനുള്ള സാധ്യത ബലപ്പെട്ടത്. തർക്കം മൂത്താൽ മൂന്നാമതൊരാളെ കളത്തിലിറക്കാനും കോൺഗ്രസിൽ ആലോചനയുണ്ട്.
2021ൽ നിലന്പൂർ സീറ്റ് വി.വി. പ്രകാശിനായി വിട്ടുകൊടുത്തപ്പോൾ അടുത്ത തവണ സ്ഥാനാർഥിയാക്കുമെന്നു പാർട്ടി ഉറപ്പുനൽകിയിരുന്നുവെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ വാദം. ഇതു മുന്നിൽ കണ്ട് താഴെത്തട്ടിൽ അടക്കം സംഘടനാപ്രവർത്തനം ശക്തമാക്കുന്നതിനിടെയാണ് ജോയിക്കു വേണ്ടിയുള്ള അൻവറിന്റെ ചരടുവലി തുടങ്ങിയത്. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വി.എസ്. ജോയിക്കാണു മുൻതൂക്കമെന്നും ഷൗക്കത്തിനു നിലന്പൂരിലുള്ള ചില പ്രതികൂല ഘടകങ്ങൾ പുതിയ ആളായ ജോയിക്കില്ലെന്നും വി.എസ്. ജോയിക്കൊപ്പമുള്ളവർ പറയുന്നു.
നിലപാടിൽ ഉറച്ച് ആര്യാടൻ ഷൗക്കത്ത്
ഇത്തവണ തനിക്കു സീറ്റ് വേണമെന്ന നിലപാടിൽത്തന്നെയാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. 2016ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴത്തേതെന്ന് ഷൗക്കത്തും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വേർപാടിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നത് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തൽ മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പിനുമുണ്ട്.
ഇക്കുറി സീറ്റ് ലഭിച്ചില്ലെങ്കിൽ ഷൗക്കത്തിന്റെ രാഷട്രീയ ഭാവിക്ക് അത് കടുത്ത വെല്ലുവിളിയാകും എന്ന തിരിച്ചറിവുമാണ് എ ഗ്രൂപ്പ് ശക്തമായ നിലപാട് സ്വീകരിക്കാൻ കാരണം.
സർവേകളിൽ മുന്പൻ വി.എസ്. ജോയി
പാർട്ടിക്കുള്ളിലും പാർട്ടി സർവേകളിലും വി.എസ്. ജോയിക്കാണു മുൻതൂക്കം. 2016ൽ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റിൽ വൻ പരാജയം ആര്യാടൻ ഷൗക്കത്ത് നേരിട്ടതും ജോയിയെ അനുകൂലിക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പി.വി. അൻവറിനെത്തന്നെ രംഗത്തിറക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കേ അൻവറിനെ മത്സരിപ്പിച്ച് പിണറായി സർക്കാരിനു ശക്തമായ മറുപടി നൽകാനും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അൻവറിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ വോട്ടുകൾ ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ താൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി.വി. അൻവർ പറയുന്നു.
പ്രതിരോധത്തിലാക്കാൻ അൻവർ
ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകിയില്ലെങ്കിൽ അദ്ദേഹം ഇടതുമുന്നണി സ്വതന്ത്രസ്ഥാനാർഥിയായി രംഗത്ത് വരാൻ സാധ്യതയുണ്ടെന്ന് വ്യാപക പ്രചാരണമുണ്ട്. ഷൗക്കത്ത് പക്ഷേ, അത് നിഷേധിക്കുന്നു. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയായാൽ അത് അംഗീകരിക്കില്ലെന്ന പി.വി. അൻവറിന്റെ നിലപാട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഈ അവസ്ഥയിൽ സിപിഎമ്മും എൽഡിഎഫും ഏറെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ നിലന്പൂർ നഗരസഭാ പരിധിയിൽ കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന വോട്ടെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച വോട്ടുനില രേഖപ്പെടുത്തിയത് ഇടതുപക്ഷമാണ്. അത് ഉപതെരഞ്ഞെടുപ്പിലും തുടരാനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട്.
1996ൽ ആര്യാടൻ മുഹമ്മദിനെതിരേ കെപിസിസി അംഗമായിരുന്ന എം. തോമസ് മാത്യുവിനെയാണ് എൽഡിഎഫ് മത്സരിപ്പിച്ചത്. അന്ന് ശക്തമായ മത്സരമാണ് ആര്യാടൻ മുഹമ്മദിനെതിരേ തോമസ് മാത്യു കാഴ്ചവച്ചത്. 6600 വോട്ടുകളുടെ വ്യത്യാസത്തിനാണ് ആര്യാടൻ ജയിച്ചത്.
1982ൽ മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന അഡ്വ. ടി.കെ. ഹംസയെ രംഗത്തിറക്കി എൽഡിഎഫ് ആര്യാടൻ മുഹമ്മദിനെത്തന്നെ പരാജയപ്പെടുത്തി. 2016ൽ മുൻ കോണ്‍ഗ്രസുകാരനായ പി.വി. അൻവറിനെ രംഗത്തെത്തിച്ച് എൽഡിഫ് ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തും കോണ്‍ഗ്രസ് ഭിന്നത ലക്ഷ്യമിട്ടുമാണ് സിപിഎമ്മിന്റെ കരുനീക്കം. 1980ൽ ആര്യാടൻ മുഹമ്മദും എൽഡിഎഫും ഒന്നിച്ച് നിന്നപ്പോൾ 17,841 വോട്ടുകൾക്കാണ് ആര്യാടൻ മുഹമ്മദ് ചർക്ക ചിഹ്നത്തിൽ മത്സരിച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തിയത്.
ആത്മവിശ്വാസത്തിൽ എൽഡിഎഫ്
നിലന്പൂരിൽ എൽഡിഎഫിന് ശക്തമായ വോട്ട് ബാങ്കുണ്ട്. 5000ലേറെ വോട്ട് പിടിക്കാൻ കഴിയുന്ന കോണ്‍ഗ്രസിലെ ഒരു നേതാവ് സ്ഥാനാർഥിയായാൽ വിജയം ഉറപ്പെന്നു സിപിഎം കരുതുന്നു. ബദ്ധശത്രുവായിരുന്ന ആര്യാടൻ മുഹമ്മദിന് വോട്ട് ചെയ്യേണ്ട സാഹചര്യത്തെവരെ നേരിട്ട പാരന്പര്യമുള്ളതിനാൽ കോണ്‍ഗ്രസിൽനിന്ന് ആരു വന്നാലും സ്വീകരിക്കാനും സ്ഥാനാർഥിയാക്കാനും എൽഡിഎഫ് മടിക്കില്ല.
പി.വി. അൻവറിനു മറുപടി നൽകി നിലന്പൂർ നിലനിർത്തുക എന്നതാണു സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം. അതിനാൽതന്നെ പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവ് എൽഡിഎഫ് സ്വതന്ത്രനായി എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ക്രൈസ്തവ വോട്ടുകൾ നിർണായകം
1965ൽ രൂപംകൊണ്ട നിലന്പൂർ മണ്ഡലത്തിൽ ക്രൈസ്തവ വോട്ടുകൾ നിർണായകമാണെങ്കിലും ക്രൈസ്തവ വിഭാഗത്തിൽനിന്ന് ഒരാളെയും ഇതുവരെ യുഡിഎഫ് സ്ഥാനാർഥിയാക്കിയിട്ടില്ല. 1996ലും 2011ലും എം. തോമസ് മാത്യുവിന് അവസരം നൽകി എൽഡിഎഫ് ഇക്കാര്യത്തിൽ മുന്നിലാണ്. 2016ൽ ക്രൈസ്തവ ശക്തികേന്ദ്രങ്ങളിൽനിന്നുണ്ടായ എൽഡിഎഫ് അനുകൂല നിലപാടാണ് എൽഡിഎഫ് വിജയത്തിലെ പ്രധാന ഘടകം.
ഏകദേശം 35,000 ത്തോളം വോട്ടുകൾ (ആകെ വോട്ടർമാരിൽ 20 ശതമാനത്തോളം) മണ്ഡലത്തിൽ ക്രൈസ്തവ വിഭാഗത്തിനുണ്ട്.
ബിജെപി ക്രൈസ്തവ വിഭാഗത്തിൽനിന്ന് ഒരാളെ സ്ഥാനാർഥിയാക്കിയാൽ അത് ഇരുമുന്നണികൾക്കും തലവേദനയാകും. ഷോണ്‍ ജോർജ് സ്ഥാനാർഥിയായാൽ ബിജെപി വോട്ടുകളിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തൽ.
അതേസമയം, സ്ഥാനാർഥി ആര് എന്നതിനേക്കാൾ എൽഡിഎഫിനെ പരാജയപ്പെടുത്തലാണ് ലക്ഷ്യമെന്ന രാഷ്ട്രീയ ആവശ്യവുമായി പി.വി. അൻവർ നിലനിൽക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പി.വി. അൻവറിന് മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടുകളിൽവരെ സ്വാധീനമുണ്ടെന്നാണു യുഡിഎഫ് കണക്കുകൂട്ടൽ.