കണ്ണൂർ സർവകലാശാലയുടെ ചോദ്യപേപ്പർ ചോർന്നു; സ്വകാര്യ കോളജിനെതിരേ പരാതി
Sunday, April 20, 2025 1:00 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. സർവകലാശാലയിൽനിന്ന് ബേക്കൽ പാലക്കുന്നിലെ സ്വകാര്യ കോളജ് പ്രിൻസിപ്പലിന് അയച്ചുനല്കിയ ചോദ്യപേപ്പറിന്റെ ലിങ്ക് വിദ്യാർഥികൾക്ക് വാട്സ് ആപ്പിലൂടെ ലഭിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജിനെതിരേ സർവകലാശാല അധികൃതർ ബേക്കൽ പോലീസിലും കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. കോളജിൽ ഇതുവരെ നടന്ന ബിസിഎ ആറാം സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കുമെന്നും കോളജിലെ പരീക്ഷാകേന്ദ്രം മാറ്റുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു.
പരീക്ഷ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പു മാത്രം പ്രിൻസിപ്പലിന്റെ രജിസ്ട്രേഡ് ഇ മെയിൽ ഐഡിയിലേക്ക് അയച്ചുനല്കുന്ന ചോദ്യപേപ്പറിന്റെ ലിങ്കാണ് വിദ്യാർഥികളുടെ വാട്സ് ആപ് ഗ്രൂപ്പിൽ പ്രചരിച്ചതായി കണ്ടെത്തിയത്.
പ്രിൻസിപ്പലിന്റെയും കോളജ് അധികൃതരുടെയും ഒത്താശയോടെയല്ലാതെ ഇത് നടക്കില്ലെന്നാണ് ആരോപണം. കോളജിന് മികച്ച വിജയമുണ്ടാക്കുന്നതിന് കരുതിക്കൂട്ടി ചോദ്യപേപ്പർ ചോർത്തിനല്കുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം സർവകലാശാലയിൽ നിന്നുള്ള സ്ക്വാഡ് ഈ കോളജിൽ മിന്നൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ചോദ്യപേപ്പർ ചോർന്നതായി സംശയമുണ്ടായത്.
കോപ്പിയടിയുമായി ബന്ധപ്പെട്ട് സ്ക്വാഡ് പിടികൂടിയ വിദ്യാർഥിയെ ചോദ്യംചെയ്തപ്പോഴാണ് ഇയാൾക്ക് ചോദ്യപേപ്പർ ചോർന്നുകിട്ടിയതായി മനസിലായത്. എന്നാൽ, ഇത് വിദ്യാർഥി സ്വയം രക്ഷിക്കാനായി പറഞ്ഞ ന്യായീകരണമാണെന്നും ചോദ്യപേപ്പർ ചോർത്തിനല്കിയിട്ടില്ലെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും പ്രിൻസിപ്പലിന്റെ പേരിൽ കേസെടുക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.