മുനമ്പം കേസില്‍ വാദം കേള്‍ക്കുന്നത് വഖഫ് ട്രൈബ്യൂണല്‍ മേയ് 27ലേക്ക് നീട്ടി
Tuesday, April 22, 2025 3:00 AM IST
കോഴിക്കോട്: മുനമ്പം കേസില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ മേയ് 27ലേക്കു നീട്ടി. മേയ് 26 വരെ അന്തിമ ഉത്തരവ് ഇറക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് വാദം കേള്‍ക്കൽ നീട്ടിവച്ചത്.
നിലവിലുള്ള ജഡ്ജി രാജന് തട്ടില്‍ 19ന് നെടുമങ്ങാട് കോടതിയിലേക്കു സ്ഥലം മാറി പോകുകയാണ്. പകരം മിനിമോള്‍ ആണ് ട്രൈബ്യൂണലില്‍ എത്തുന്നത്. സ്ഥലംമാറി പോകുന്ന സാഹചര്യത്തില്‍ പുതിയ ജഡ്ജി കേസ് പരിഗണിക്കുന്നതല്ലേ ഉചിതമെന്ന് ഇന്നലെ നടന്ന സിറ്റിംഗില്‍ രാജന് തട്ടില്‍ ചോദിച്ചു.
മുനമ്പം കേസില്‍ അന്തിമ ഉത്തരവ് ഇറക്കുന്നതില്‍നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ ഈ മാസം പതിനൊന്നിനു ഹൈക്കോടതി ഡിവിഷന് ബഞ്ച് വിലക്കിയിരുന്നു.
പറവൂര്‍ സബ്കോടതിയില്നിന്നു കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തണമെന്ന വഖഫ് ബോര്‍ഡിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളിയത് ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവുണ്ടായിരുന്നത്.
വഖഫ് ട്രൈബ്യൂണലില്‍ വാദം തുടരുന്നതിനു തടസമില്ലെന്ന് ജസ്റ്റീസുമാരായ അമിത് റാവല്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മേയ് 26ന് കേസ് പരിഗണിക്കാനും വച്ചിരുന്നു.