വിപ്ലവം വിട്ട് വൈകാരികതയിലേക്ക് ; പി.പി. ദിവ്യയുടെ വീഡിയോ വിവാദത്തിൽ
സ്വന്തം ലേഖകൻ
Monday, April 21, 2025 5:39 AM IST
കണ്ണൂർ: ഒപ്പം അത്താഴം കഴിച്ചവർ ഒറ്റുകൊടുത്തു എന്നു പരാമർശിച്ച് ഈസ്റ്റർ ദിനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ പങ്കുവച്ച ആശംസാ വീഡിയോ പുതിയ വിവാദത്തിനു വഴിമരുന്നിട്ടു.
കോളജ് കാലഘട്ടത്തിൽ മുന്നിൽനിന്നു സമരം നയിച്ച നേതാവായ താൻ ഇന്നു വേട്ടയാടപ്പെട്ട ഇരയാണ് എന്നു സൂചിപ്പിക്കുന്ന വൈകാരിക വീഡിയോ സന്ദേശവുമായിട്ടാണ് പി. പി. ദിവ്യ രംഗത്തെത്തിയത്.
ഈസ്റ്റർ ആശംസ പങ്കുവച്ചുള്ള വീഡിയോയിൽ തന്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിക്കുന്ന പി.പി. ദിവ്യ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ താൻ നിരപരാധിയെന്നും ഒരിക്കൽ സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നും പരോക്ഷമായി സൂചിപ്പിക്കുകകൂടിയാണ് വീഡിയോയിലൂടെ.
ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാർഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യമുയർത്തിയതിനാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടതെന്നു പി.പി. ദിവ്യ പറയുന്നു.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു. എന്നിട്ടും തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ചുകൊന്നു. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്. എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയുമെന്നും ദിവ്യ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
നീതിമാനായതുകൊണ്ടാണ് ക്രിസ്തുവിനെ കുരിശിലേറ്റിയതെന്നും സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേതാണെന്നുമാണു പി.പി. ദിവ്യ പറയുന്നത്. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ ഞായറാഴ്ച ഉയിർത്തെഴുന്നേൽക്കുമെന്നും പി.പി. ദിവ്യ പറയുന്നു.
പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്കു കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽകൂടിയും യൂട്യൂബ് ചാനലിൽകൂടിയും പ്രതികരണം നടത്തുകയാണ് പി.പി. ദിവ്യ.
സമാനമായാണ് ഇപ്പോൾ ഈസ്റ്റർ ദിന സന്ദേശവും പി.പി. ദിവ്യ പങ്കുവച്ചിരിക്കുന്നത്. എഡിഎം നവീൻ ബാബുവി ന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെയും നിയമ നടപടികളുടെയും പശ്ചാതലത്തിലാണു ദിവ്യയുടെ വീഡിയോ.