കണ്ണൂർ യൂണിവേഴ്സിറ്റി ചോദ്യപേപ്പർ ചോർച്ച: ചാൻസലർക്ക് കെഎസ്യു കത്തയച്ചു
Monday, April 21, 2025 3:53 AM IST
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പരീക്ഷ ചോദ്യപ്പേപ്പറുകൾ ചോർന്ന സംഭവത്തിൽ യൂണിവേഴ്സിറ്റിയുടെമേൽ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ചാൻസലറായ ഗവർണർക്ക് കെഎസ്യു കത്തയച്ചു. കാസർഗോഡ് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾക്ക് പ്രിൻസിപ്പലിന്റെ അറിവോടെ തന്നെ വാട്സാപ്പിൽ ചോദ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതാർഹമാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഇടപെടലിന് ചാൻസലർ തന്നെ നേതൃത്വം കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മെയിൽ ചെയ്ത ചോദ്യങ്ങൾ പ്രിന്റ് എടുക്കുന്നതു നിരീക്ഷണ കാമറകളുുള്ള മുറിയിൽ നിന്നാക്കണം.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയശേഷമേ ചോദ്യങ്ങളുടെ പ്രിന്റ് എടുക്കലിലേക്ക് കടക്കാവൂ. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്ന അധ്യാപകർക്കും ജീവനക്കാർക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലാണ് കേരള ഗവർണറും കണ്ണൂർ യൂണിവേഴ്സിറ്റി ചാൻസലറുമായ രാജേന്ദ്ര ആർലേക്കർക്കു കത്തയച്ചത്.