ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു
Sunday, April 20, 2025 1:00 AM IST
കോട്ടയം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ എട്ടിനു മൃതദേഹം മാങ്ങാനത്തെ വീട്ടിലെത്തിക്കും.
സംസ്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടില്‍ ആരംഭിക്കും. ഭാര്യ: എടത്വ കടമാട്ട് ബീന മാത്യു. മക്കള്‍: സാം മാത്യു, നിധി. മരുമക്കള്‍: മെറിന്, ടാജര്‍.
ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ ഡോ. സാമുവലിനെ ആതുരശുശ്രൂഷരംഗത്ത് വിശേഷിപ്പിച്ചിരുന്നത്. 1986ല്‍ ഇന്ത്യയിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഇദ്ദഹമാണ്. 25,000ലേറെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. 2000ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
ആന്‍ജിയോപ്ലാസ്റ്റിയില്‍ ലോഹ സ്റ്റെന്റുകള്‍ക്കു പകരം സ്വയം വിഘടിച്ച് ഇല്ലാതാകുന്ന ബയോ സ്റ്റെന്റുകള്‍ വികസിപ്പിച്ചത് ഡോ. മാത്യു സാമുവലിന്റെ നേതൃത്വത്തിലായിരുന്നു. ഏതാനും ദിവസങ്ങള്‍ മുമ്പു വീല്‍ചെയറിലെത്തി രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു.