മർമചികിത്സയ്ക്കിടെ യുവതിക്കുനേരേ പീഡനശ്രമം; നടത്തിപ്പുകാരൻ അറസ്റ്റിൽ
Monday, April 21, 2025 3:53 AM IST
കൊടകര: ചികിത്സക്കെത്തിയ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മർമചികിത്സാകേന്ദ്രം നടത്തിപ്പുകാരനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വല്ലപ്പാടിയിലുള്ള മർമചികിത്സാസ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ വട്ടേക്കാട് ദേശത്ത് വിരിപ്പിൽ സെബാസ്റ്റ്യൻ (47) എന്നയാളെയാണ് അറസ്റ്റ്ചെയ്തത്.
ഇക്കഴിഞ്ഞ 15നു വലതുകൈയിൽ അനുഭവപ്പെട്ട തരിപ്പിനു ചികിത്സയ്ക്കായി എത്തിയ യുവതിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കേ അവരെ ഒഴിവാക്കി പ്രതി യുവതിയെ നിർബന്ധിച്ചു വിവസ്ത്രയാക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണു പരാതി.
യുവതി പോലീസിൽ പരാതിനൽകിയതിനെത്തുടർന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, സബ് ഇൻസ്പെക്ടർ ഇ.എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.