ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഹരിക്കണം: മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
Monday, April 21, 2025 5:39 AM IST
വാഴൂർ: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഹരിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
മാതൃ ഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഈസ്റ്റർദിന ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവാ. ആശാ വർക്കർമാർ വീട്ടമ്മമാരാണെന്നും നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനെതിരേ മുഖം തിരിക്കുന്ന സർക്കാർ നടപടി പുനപരിശോധിക്കണം.
മലയോര കർഷകരും തീരദേശജനതയും ദുരിതങ്ങളുടെ തടവറയിലാണ്. വനം വകുപ്പ് പരിശ്രമിച്ചാൽ മാത്രമേ മലയോരജനതക്ക് സമാധാനവും പ്രത്യാശയും ലഭിക്കൂവെന്നും ബാവാ പറഞ്ഞു.