ജയിലിൽ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
Monday, April 21, 2025 5:39 AM IST
വിഴിഞ്ഞം: റിമാൻഡു ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ പോലിസുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പിടി കൂടി. പോലീസിനെയും നാട്ടുകാരെയും വെള്ളം കുടിപ്പിച്ച വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശി താജുദ്ദിൻ (24) ആണ് ഇന്നലെ പുലർച്ചെയോടെ അറസ്റ്റിലായത്.
വീട് കയറി മോഷണവുമായി ബന്ധപ്പെട്ട കേസിൽ ശനിയാഴ്ച രാവിലെയാണ് വിഴിഞ്ഞം പോലീസ് താജുദ്ദിനെ അറസ്റ്റ് ചെയ്തത്. നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ പീഡന കേസിലെ മറ്റൊരുപ്രതിക്കൊപ്പം താജുദ്ദിനെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി റിമാൻഡു ചെയ്ത പ്രതികളെ നെയ്യാറ്റിൻകര തൊഴുക്കലിലുള്ള ജയിലിൽ എത്തിക്കുന്നതിനിടെ താജുദ്ദിൻ കൈയിൽ കിടന്ന വിലങ്ങ് ഊരിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് വിഴിഞ്ഞം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം വ്യാപക തെരച്ചിൽ തുടർന്നു. നാട്ടുകാർകൂടി തെരച്ചിലിൽ പങ്കുചേർന്നതോടെ പുലർച്ചെ രണ്ടരയോടെ ഇരുളിൽ പതുങ്ങിയിരുന്ന താജുദ്ദിനെ കസ്റ്റഡിയിലെടുത്തു.