ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു: മാർ പാംപ്ലാനി
Sunday, April 20, 2025 1:00 AM IST
കണ്ണൂര്‍: ഭരണഘടന നാടിന് നല്കുന്ന മതേതരത്വം എന്ന ഏറ്റവും ശക്തമായ ഉറപ്പുണ്ടായിട്ടുപോലും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ദുഃഖവെള്ളിയാഴ്ച കണ്ണൂർ നഗരത്തിൽ നടത്തിയ സംയുക്ത കുരിശിന്റെ വഴിയിൽ സന്ദേശം നൽകുന്നതിനിടെയാണ് ബിജെപിക്കെതിരേ ആർച്ച്ബിഷപ് പരോക്ഷ വിമർശനം ഉന്നയിച്ചത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിയാണ് ദുഃഖവെളളി ആചരിക്കുന്നത്.
കുരിശിന്റെ വഴി പോലും നടത്താന്‍ അനുവാദമില്ലാത്ത എത്രയോ നഗരങ്ങളാണ് നമ്മുടെ രാജ്യത്തുളളത്. ജബല്പ്പുരിലും മണിപ്പുരിലും കന്ധമാലിലുമെല്ലാം ക്രിസ്ത്യാനികളായതിന്റെ പേരില്‍ എത്രയോ മിഷനറിമാര്‍ ആക്രമിക്കപ്പെട്ടു.
ക്രിസ്തുവും സുവിശേഷവും അവന്റെ അനുയായികളും ആദര്‍ശങ്ങളും രാജ്യദ്രോഹപരമായ കാര്യമായാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്.
മതവും രാഷ്ട്രീയവും തമ്മില്‍ അനാവശ്യമായി സഖ്യം ചേരുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും നിഷ്കളങ്കര്‍ നിഷ്ഠുരമായി കൊല്ലപ്പെടുകയും നീതിയും സത്യവും കുഴിച്ചുമൂടപ്പെടുകയും ചെയ്യും. എല്ലാവര്ക്കും നീതി ലഭിക്കണമെന്നാണ് കുരിശിന്റെ വഴി ഓര്‍മിപ്പിക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.