കൊലക്കേസ് പ്രതി മദ്യലഹരിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നു
Sunday, April 20, 2025 1:00 AM IST
ഒറ്റപ്പാലം: അന്പലപ്പാറയിൽ കൊലപാതകക്കേസിലെ പ്രതി മദ്യലഹരിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നു. കടന്പഴിപ്പുറം അഴിയന്നൂർ സ്വദേശി രാമദാസാണ് (54) അന്പലപ്പാറ കണ്ണമംഗലം സൂര്യ ഹൗസിൽ ഷണ്മുഖന്റെ (49) വെട്ടേറ്റു മരിച്ചത്. ഷണ്മുഖനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ അന്പലപ്പാറ കണ്ണമംഗലത്തെ ഷണ്മുഖന്റെ വീട്ടിൽ മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും സംഘർഷത്തിലെത്തുകയുമായിരുന്നു.
ഇരുവരും ഏറ്റുമുട്ടിയതോടെ ഷണ്മുഖൻ രാമദാസിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു വെട്ടി. ഗുരുതരമായി പരിക്കേറ്റ രാമദാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷണ്മുഖൻ തമിഴ്നാട്ടിൽ സഹോദരീഭർത്താവിനെ കൊന്ന കേസിൽ പ്രതിയാണ്. ജില്ലാ പോലീസ് സൂപ്രണ്ട് അജിത്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു.