തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ചതിന് 18 പേർക്കെതിരേ കേസ്
Friday, April 18, 2025 2:56 AM IST
വണ്ണപ്പുറം: ഇടുക്കി നാരങ്ങാനത്ത് പള്ളിയുടെ കൈവശമുള്ള സ്ഥലത്ത് കുരിശു സ്ഥാപിച്ച സംഭവത്തിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം ഉൾപ്പെടെ 18 പേരെ പ്രതി ചേർത്ത് വനംവകുപ്പ് കേസെടുത്തു.
തെളിവ് ശേഖരിക്കുന്നതിനായി കുരിശു നിർമിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള നീക്കവും വനംവകുപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച കാളിയാർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിഴുതു മാറ്റിയ കുരിശ് വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇതിനിടെ കാളിയാർ റേഞ്ച് ഓഫീസറുടെ നടപടിയിൽ പ്രതിഷേധം തുടരുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനിയന്ത്രിതമായ അധികാരം സ്ഥാപിക്കൽ ജനത്തിന്റെ സ്വൈരജീവിതത്തിന് തടസമാണെന്നും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു.
വനനിയമത്തിൽ കേസെടുക്കാനുള്ള അധികാരം ഡിഎഫ്ഒയ്ക്കു മുകളിലുള്ള ഉദ്യോഗസ്ഥർക്കായി പരിമിതപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെ പ്രകോപനപരമായ നടപടി പോലീസിനും തലവേദനയായി മാറുന്നുണ്ട്. പള്ളിയുടെ കൈവശഭൂമിയിൽ കുരിശുവച്ചാൽ അതു പിഴുതു മാറ്റാൻ പോലീസ് സഹായം തേടി വനം വകുപ്പ് കത്ത് നൽകും.
ഇതോടെ മറ്റു ജോലികൾ മാറ്റിവച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കേണ്ട ചുമതല പോലീസിന്റെ ചുമലിലെത്തും. നാട്ടുകാരുടെ എതിർപ്പ് പോലീസിനും നേരിടേണ്ടിവരുന്നതിനാൽ ഇക്കാര്യത്തിൽ ഇവരും ഏറെ സമ്മർദമാണ് അനുഭവിക്കുന്നത്.