ലഹരി പരിശോധിക്കാന്‍ കിറ്റുകളില്ലാതെ എക്സൈസ്
Sunday, April 20, 2025 1:00 AM IST
കോഴിക്കോട്: ലഹരിമരുന്ന് വിപണനത്തിനും ഉപയോഗത്തിനും കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമിക്കുമ്പോഴും ആവശ്യത്തിന് പരിശോധനാ കിറ്റുകളില്ലാതെ എക്സൈസ് വകുപ്പ് ബുദ്ധിമുട്ടുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന കിറ്റുകളും പിടിച്ചെടുത്ത മയക്കുമരുന്ന് ഏതാണെന്ന് തിരിച്ചറിയാനുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകളും എക്സൈസ് വകുപ്പില്‍ കിട്ടാക്കനിയാണ്.
സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്റെ സര്‍ക്കിള്‍ ഓഫീസുകളിലും നര്‍ക്കോട്ടിക് സ്ക്വാഡിലും മാത്രമാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭിക്കുക. മറ്റിടങ്ങളില്‍ ഇത് അത്യാവശ്യമായി വരുന്ന സമയത്ത് താത്ക്കാലികമായി എത്തിക്കുകയാണ് പതിവ്. എല്ലാ സ്റ്റേഷന് പരിധികളിലും ഇത്തരം കിറ്റുകള്‍ ആവശ്യമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
രാസ പരിശോധനയിലൂടെ മയക്കുമരുന്ന് ഏതെന്നു കണ്ടെത്തുന്ന കിറ്റിന് 5000 രൂപമുതലാണ് വില . ആറുമാസമാണ് കാലാവധി. പ്ലാന്‍ ഫണ്ടില്‍ നിന്ന് നിശ്ചിത തുക നീക്കിവച്ചാണ് കിറ്റുകള്‍ വാങ്ങിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള കിറ്റുകള്‍ക്കും ക്ഷാമമുണ്ട്. ഉമിനീരില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുന്ന കിറ്റിന് 500 രൂപയോളമാണ് വില.
എംഡിഎംഎ, കൊക്കെയ്ന്‍, എല്‍എസ്ഡി, കഞ്ചാവ് എന്നിവ ഉപയോഗിച്ചവരെ തിരിച്ചറിയാനുള്ള എളുപ്പവഴിയാണ് ഈ കിറ്റുപയോഗിച്ചുള്ള പരിശോധന. നിരോധിത ലഹരി ഉപയോഗിച്ചതായി സംശയം തോന്നിയാല്‍ കസ്റ്റഡിയിലെടുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തേണ്ടതുണ്ട്. കിറ്റ് ഉപയോഗിക്കുന്നതിലൂടെ ഈ സമയനഷ്ടം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.