കൈക്കൂലി വാങ്ങുന്നതിനിടെ ബാങ്ക് ഓഡിറ്റര്‍ പിടിയിൽ
Monday, April 21, 2025 3:53 AM IST
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കാനറ ബാങ്ക് ഓഡിറ്റര്‍ വിജിലന്‍സിന്റെ പിടിയില്‍. മാവേലിക്കര ബ്രാഞ്ച് കണ്‍കറന്റ് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന കെ. സുധാകരനെയാണ് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്. ഓപ്പറേഷന് സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി വിജിലന്‍സ് ഒരുക്കിയ കെണിയിലാണ് ഇയാള്‍ കുടുങ്ങിയത്.
കൊല്ലം ചിന്നക്കടയിലെ സ്വന്തം വീടിനോടുചേര്‍ന്നുള്ള ഓഫീസ് മുറിയില്‍ പരാതിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു. 50,000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
കനറാ ബാങ്കിന്റെ മാവേലിക്കര ബ്രാഞ്ചില്‍നിന്ന് വായ്പയെടുത്ത, എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. വായ്പയെടുത്ത ആളെ ഫോണില്‍ വിളിച്ച് വായ്പ അക്കൗണ്ട് 1.40 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് ആയതായും റീ ഓഡിറ്റ് വേണമെന്നും അല്ലെങ്കില്‍ ആറു ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഏപ്രില്‍ 18ന് ആദ്യ ഗഡുവായി 10,000 രൂപ ഗൂഗിള്‍പേയില്‍ സുധാകരന് അയച്ചുകൊടുത്തു.
19ന് ബാക്കിത്തുക നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതോടെ വിജിലന്‍സ് മധ്യമേഖലാ പോലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ രഹസ്യനീക്കം. പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.