ആസ്വാദനമെഴുതാന്‍ ഭീകര വീഡിയോ; വിവാദമായപ്പോൾ പിൻവലിച്ചു
Monday, April 21, 2025 3:53 AM IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മേയ് മാസത്തില്‍ സംഘടിപ്പിക്കാനിരിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന്റെ ഭാഗമായി ആസ്വാദനമെഴുതാല് കുട്ടികള്‍ക്കു നല്‍കിയത് ഭീതിദമായ ഹ്രസ്വചിത്രമെന്ന് പരാതി. സംഭവം വിവാദമായതിനു പിന്നാലെ തീരുമാനം തിരുത്തി ചലച്ചിത്ര അക്കാദമി. കുട്ടികളിലേക്ക് വയലന്‍സ് എത്തിക്കുന്നത് തെറ്റാണെന്നും പിശക് തിരുത്തിയെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ വിവാദത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തില്‍ അറിയിച്ചു.
മേയ് മാസം നടക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പിലേക്ക് 8,9,10 ക്ലാസുകളിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി ആസ്വാദന കുറിപ്പ് തയാറാക്കാന്‍ അക്കാദമി നല്കിയ വീഡിയോ ആണ് വിവാദത്തിലായത്. വിഖ്യാത ഹോളിവുഡ് സംവിധായകന് മാര്ട്ടിന് സ്കോഴ്സെസെയുടെ ബിഗ് ഷേവ് എന്ന ഹ്രസ്വ ചിത്രമാണ് ആസ്വാദന കുറിപ്പ് തയാറാക്കുന്നതിനായി നല്‍കിയിരുന്നത്.
എന്നാല്‍ ചിത്രത്തിലുള്ളത് ഭീതി പടര്‍ത്തുന്ന രക്തപങ്കിലമായ ദൃശ്യങ്ങളാണെന്ന് ചൂ ണ്ടിക്കാട്ടി രക്ഷിതാക്കളില്‍ ചിലര്‍ രംഗത്തെത്തി. ഇതോടെയാണ് സംഭവം വിവാദമായത്. പലതരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഹ്രസ്വചിത്രം കണ്ട് വിശദമായ കുറിപ്പ് എഴുതി അയയ്ക്കാനായിരുന്നു കുട്ടികളോട് അക്കാദമി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംഭവം വിവാദമായതിനു പിന്നാലെ വീഡിയോയുടെ ലിങ്ക് അക്കാദമി പിന്‍വലിച്ചു.
കുട്ടികളില്‍ ചലച്ചിത്രാസ്വാദന ശീലം വളര്‍ത്താന്‍ ചലച്ചിത്ര അക്കാദമിയും ശിശുക്ഷേമസമിതിയും ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന്റെയും സഹകരണത്തോടെയാണ് ചലച്ചിത്ര ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുന്നത്.