നായ വീട്ടിലെത്തിയതു തർക്കമായി; അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി
Monday, April 21, 2025 3:53 AM IST
ചാലക്കുടി: അയൽപക്കത്തെ വളർത്തുനായ കെട്ടഴിഞ്ഞു വീട്ടിലെത്തിയതിൽ പ്രകോപിതനായ വയോധികൻ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. മാരാങ്കോട് ചേര്യക്കര വീട്ടിൽ ശിശുപാലൻ എന്ന ഷിജു (40) ആണു വെട്ടേറ്റു മരിച്ചത്. ഷിജുവിനെ വെട്ടിയ അയൽവാസിയായ ആട്ടോക്കാരൻ അന്തോണി (69)യെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തരയോടെയാണു സംഭവം. ഷിജുവിന്റെ വീട്ടിലെ വളർത്തുനായ കെട്ടഴിഞ്ഞതിനെത്തുടർന്ന് അന്തോണിയുടെ വീട്ടിലെത്തിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അന്തോണി കൈവശം കരുതിയിരുന്ന കൊടുവാൾകൊണ്ട് ഷിജുവിന്റെ തലയ്ക്കും മുഖത്തും കഴുത്തിനും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അന്തോണിയുടെ വീടിനു പടിഞ്ഞാറുവശത്തുകൂടി ഷിജു വഴിയായി ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇവർ തമ്മിൽ ഏറെനാളായി തർക്കമുണ്ട്.
വെള്ളിക്കുളങ്ങര പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, കെ.ടി. ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ഒ. ഷാജു, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, രജിത്ത്, അമൽരാജ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.