ലഹരി ഉപയോഗം സ്ഥിരീകരിച്ചാൽ ഷൈനെതിരേ കൂടുതല്‍ വകുപ്പുകള്‍?
Sunday, April 20, 2025 1:00 AM IST
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയുടെ വൈദ്യപരിശോധനയില്‍ ലഹരി ഉപയോഗം സ്ഥിരീകരിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നടപടിയുണ്ടായേക്കും. ഷൈനിൽനിന്നു ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കും. ഇതിന്റെ ഫലം ലഭിച്ച ശേഷം അന്വേഷണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴയില്‍ പിടിയിലായ തസ്ലീമയുടെ മൊഴിയുടെയും സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഷൈന്‍ ഏതാനും നാളുകളായി കര്‍ശന നിരീക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇയാള്‍ താമസിച്ച അഞ്ചു ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
സിനിമാ മേഖലയിലുള്ളവരില്‍ നിന്നൊക്കെ ലഹരി കിട്ടിയിട്ടുണ്ടെന്ന തരത്തില്‍ ഷൈനിന്റെ പക്കല്‍നിന്നു വിവരം ലഭിച്ചതായി സൂചനയുണ്ട്. ഷൈനിന്റെ ഫോണ്‍ കോൾ പട്ടിക പരിശോധിച്ചതില്‍നിന്ന് സംശയം തോന്നുന്നവരിലേക്ക് അന്വേഷണം നീളുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യല്‍; പിടിച്ചുനില്‍ക്കാനാകാതെ ഷൈന്‍
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ എല്ലാം നിഷേധിച്ച നടന് ഷൈന്‍ പോലീസ് തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനായില്ല. ലഹരി ഉപയോഗിക്കാറില്ലെന്നും ഇടപാടുകാരുമായി ബന്ധമില്ലെന്നും ഷൈന്‍ വാദിച്ചെങ്കിലും പലഘട്ടത്തിലും മൊഴികളിൽ വൈരുധ്യം പ്രകടമായി.
32 ചോദ്യങ്ങളുടെ പട്ടികയായിരുന്നു പോലീസിന്റെ കൈവശമുണ്ടായിരുന്നത്. ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളുമായി മണിക്കൂറുകള്‍ കടന്നുപോയതോടെ ഷൈന്‍ പതറി. ഇതിനിടെ ക്ഷീണം അനുഭവപ്പെട്ട ഷൈന്‍ കസേരയില്‍ ഇരുന്ന് മയങ്ങി. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് എന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഓടിയതെന്നായിരുന്നു ഷൈനിന്റെ മറുപടി.
കുറച്ച് ആളുകള്‍ മുറിയിലേക്ക് വരുന്നുവെന്ന വിവരം ലഭിച്ചപ്പോള്‍ ആക്രമിക്കാനെത്തുന്നതാണെന്നാണ് വിചാരിച്ചത്. അടുത്ത ദിവസം സുഹൃത്തുക്കളില്‍ ചിലര്‍ വിളിച്ചപ്പോഴാണ് പോലീസായിരുന്നെന്ന് അറിഞ്ഞത്. ഹോട്ടലിലെത്തിയവരെ ഗുണ്ടകളാണെന്ന് സംശയിക്കാനുള്ള കാരണമെന്താണെന്ന് പോലീസ് ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല.
ഷൈനിന്റെ ഗൂഗിള്‍ പേ ഇടപാടുകള്‍, ഫോണ്‍ രേഖകള്‍, വാട്ട്സാപ്പ് ചാറ്റുകള്‍ എന്നിവ പോലീസ് പരിശോധിച്ചിരുന്നു. മൂന്ന് ഫോണുകളുള്ള ഷൈന്‍ ഒന്ന് മാത്രമാണ് ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ കൊണ്ടുവന്നത്. ചില ലഹരി ഇടപാടുകാരുടെ പേരുകള്‍ സഹിതം ചോദിച്ചെങ്കിലും ഇവരെ അറിയില്ലെന്നും ബന്ധമില്ലെന്നുമാണ് മറുപടി നല്‍കിയത്. ഇതിനിടെ സൈബര്‍ സെല്‍ മുഖാന്തിരം ഷൈനിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ ലഹരി ഇടപാടുകാരുടെ വിവരങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ വന്നതോടെ പ്രതിരോധത്തിലായി.
തുടര്‍ന്ന് ലഹരി ഉപയോഗം, ഇടപാടുകാരനുമായുള്ള ബന്ധം എന്നിവയൊക്കെ ഷൈന്‍ അംഗീകരിച്ചു. ലഹരി ഉപയോഗിക്കുന്നയാളാണെന്നും എന്നാല്‍ ഹോട്ടലില്‍ പരിശോധന നടക്കുമ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും തന്റെ പക്കല്‍ മയക്കുമരുന്ന് ഇല്ലായിരുന്നെന്നും മൊഴി നല്കി.
പോലീസ് അന്വേഷിച്ചെത്തിയ ലഹരിയിടപാടുകാരനായ മലപ്പുറം സ്വദേശി ഷജീറിനെ അറിയാമെന്നും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയുമായി ബന്ധമുണ്ടെന്നും ഷൈന്‍ സമ്മതിച്ചതായും വിവരമുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ അച്ഛന് ഡീ-അഡിക്ഷന് കേന്ദ്രത്തില്‍ കൊണ്ടുപോയിരുന്നെന്നും എന്നാല്‍ 12 ദിവസത്തിന് ശേഷം മടങ്ങിപ്പോന്നെന്നും ഷൈന്‍ മൊഴി നല്കി.