പത്താം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസ്: കുറ്റപത്രം ഉടൻ
Monday, April 21, 2025 5:39 AM IST
കോഴിക്കോട്: വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മേയ് പകുതിയോടെ കോഴിക്കോട് ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്‍പാകെ കുറ്റപത്രം സമർപ്പിക്കും.
നിലവിൽ ആറ് വിദ്യാര്‍ഥികളാണു കുറ്റാരോപിതരായി വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത്. മേയ് അവസാനത്തോടെ ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മുതിർന്നവരെ ഉൾപ്പെടെ കൂടുതൽ പേരെ പ്രതിചേർക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളി. അതേസമയം, മകന് നീതി കിട്ടണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
കേസ് വഴിതിരിഞ്ഞ് പോകരുതെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം പറയുന്നു. നിയമം അനുസരിച്ച് കുട്ടികളാണെന്നു പറഞ്ഞ് കുറ്റാരോപിതർ രക്ഷപ്പെടാനാണു സാധ്യത. കുട്ടികൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. ചിലർ പ്രേരണ നൽകിയിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നെന്നും കുടുംബം പറയുന്നു.
അതേസമയം, കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ നേരത്തേ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എംജെ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസാണ് കൊല്ലപ്പെട്ടത്.
ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെത്തുടര്‍ന്ന് വിദ്യാർഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.