ലഹരിമരുന്ന് കേസ്: എഫ്ഐആര്‍ റദ്ദാക്കാന്‍ ഷൈന്‍ കോടതിയിലേക്ക്
Monday, April 21, 2025 3:53 AM IST
കൊച്ചി: ലഹരിമരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്കു കുരുക്ക് മുറുക്കുമ്പോള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാന്‍ നടന് കോടതിയിലേക്ക്. കേസുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച സാംപിളുകളുടെ ഫലം വന്നതിനുശേഷം നിയമനടപടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് അഭിഭാഷകരുമായി ഇന്നലെ ഷൈന്‍ കൂടിയാലോചനകള്‍ നടത്തിയെന്നാണു വിവരം.
കേസുമായി ബന്ധമുള്ള ലഹരി ഇടപാടുകാരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഷൈനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തേണ്ടതില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം രാവിലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കേസ് അന്വേഷണത്തിനു നേതൃത്വം നല്കിയ അസി. പോലീസ് കമ്മീഷണര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും വീണ്ടും ചോദ്യംചെയ്യേണ്ട തീയതിയും മറ്റ് നടപടികളും തീരുമാനിക്കുക.
എന്‍ഡിപിഎസ് നിയമത്തിലെ 27 (ബി), 29 വകുപ്പുകളും ബിഎന്‍എസിലെ 238-ാം വകുപ്പുമാണ് ഷൈനെതിരേ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗം, മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരണ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണു കുറ്റങ്ങള്‍. നിലവില്‍ ഷൈനിന്റെ സാമ്പത്തിക വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഒരു മാസത്തിനിടെ ഷൈന്‍ നടത്തിയ ഫോണ്‍ വിളികളും അന്വേഷണപരിധിയിലുണ്ട്.
ലഹരി പരിശോധനയ്ക്കിടെ കഴിഞ്ഞ ബുധന്‍ രാത്രിയിലാണ് എറണാകുളം നോര്‍ത്തിലെ വേദാന്ത ഹോട്ടലിന്റെ ജനല്‍ചില്ല് തകർത്ത് ഷൈന്‍ ചാടിയോടി രക്ഷപ്പെട്ടത്. ഈ സംഭവത്തില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെയാണ് ലഹരി ഉപയോഗിച്ചിരുന്നതായി ഷൈന്‍ സമ്മതിച്ചത്.
സംഭവ ദിവസം മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞതോടെയാണ് ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയത്.
സിനിമാ മേഖലയില്‍ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് ഷൈനിന്റെ മൊഴിയിലുണ്ട്. പ്രമുഖരായ പല നടന്മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴിമുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണെന്നാണ് ഷൈന്‍ പോലീസിനോടു വെളിപ്പെടുത്തിയെന്നാണു വിവരം.