നിയമനം നല്‍കിയില്ല; മാനേജ്മെന്റിനെതിരേ നടപടി സ്വീകരിക്കാമെന്ന് കോടതി
Tuesday, April 22, 2025 2:59 AM IST
കൊച്ചി: എഇഒയുടെ ഉത്തരവുണ്ടായിട്ടും യുപി സ്കൂള്‍ അധ്യപികയ്ക്ക് നിയമനം നല്‍കാത്ത മാനേജ്മെന്റിനെതിരേ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി.
അധ്യാപികയായി നിയമിക്കാന്‍ യോഗ്യതയും അവകാശവും ഉണ്ടായിട്ടും എഇഒയുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരേ ഇരിങ്ങാലക്കുട സ്വദേശിനി ഷിജി ജോസഫ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
ഇരിങ്ങാലക്കുട കാക്കത്തുരുത്തി എസ്എന്ജിപി യുപി സ്കൂളില്‍ യുപിഎസ്എ തസ്തികയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഹര്‍ജിക്കാരിയെ നിയമിക്കാന്‍ 2024 ജൂലൈ രണ്ടിനാണ് ഇരിങ്ങാലക്കുട എഇഒ ഉത്തരവിട്ടത്. ഹര്‍ജിക്കാരിക്ക് അര്‍ഹതയുണ്ടായിട്ടും മാനേജ്മെന്റ് മറ്റൊരാളെ നിയമിച്ചുവെന്ന പരാതി നിലനില്‍ക്കെയായിരുന്നു നിയമനത്തിനുള്ള നിര്‍ദേശം.
എഇഒയുടെ ഉത്തരവ് പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജര്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും തീര്‍പ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
എഇഒയുടെ ഉത്തരവ് മാനേജര്‍ നടപ്പാക്കുന്നില്ലെന്നും ഉത്തരവ് പാലിക്കാതിരുന്നിട്ടും മാനേജര്‍ക്കെതിരേ വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.