ലഹരിവിരുദ്ധ വേട്ടയ്ക്കായി പ്രത്യേക വിഭാഗം വേണമെന്നു ശിപാർശ
സ്വന്തം ലേഖകൻ
Monday, April 21, 2025 3:53 AM IST
തിരുവനന്തപുരം: ലഹരി വിരുദ്ധ ഓപ്പറേഷനുകൾക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് ശിപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം സ്പെഷൽ ടീമുകളെ നിയോഗിക്കാനാണ് പോലീസ് ആസ്ഥാനത്തു നിന്നു ആഭ്യന്തര വകുപ്പിന് ശിപാർശ നൽകിയത്. ലഹരി വിരുദ്ധ വേട്ടയുടെ സംസ്ഥാനതല മേൽനോട്ടത്തിനും ഏകോപനത്തിനുമായി എൻഫോഴ്സ്മെന്റ് ഡിഐജി തസ്തിക സൃഷ്ടിക്കണമെന്നും ശിപാർശയിലുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക വിഭാഗത്തിനാണ് ലഹരിവേട്ടയുടെ ചുമതല. ഇതേ മാതൃകയിൽ സംസ്ഥാനത്തും പ്രത്യേക വിഭാഗം വേണമെന്നാണ് ഡിജിപിയുടെ ശിപാർശ. രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതും ലഹരി ഇടപാടുകാരെ നിരീക്ഷിക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതുമെല്ലാം സംഘത്തിന്റെ ചുമതലയാണ്.
വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കേരളത്തിലേക്കു കടത്തുന്നതായി സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ അടക്കം നിരീക്ഷണത്തിലാക്കും. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമെല്ലാം പ്രത്യേക നിരീക്ഷണത്തിലാക്കും. ലഹരി പരിശോധനയ്ക്ക് അടക്കം പോലീസ് സേന, എക്സൈസ്, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ് തുടങ്ങിയവയുടെ ഏകോപനവും പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലാക്കണമെന്നും നിർദേശത്തിലുണ്ട്.