റവ. ഡോ. ഇമ്മാനുവൽ വട്ടക്കുഴി ആധ്യാത്മികതയും തത്വചിന്തകളും സമന്വയിപ്പിച്ച ആത്മീയ ആചാര്യൻ
ജോയെൽ നെല്ലിക്കുന്നേൽ
Monday, April 21, 2025 5:39 AM IST
വാഴക്കുളം: ക്രൈസ്തവ ആധ്യാത്മികതയും ഭാരതീയ തത്വചിന്തകളും സമന്വയിപ്പിച്ച ആധ്യാത്മിക ചിന്തകൻ റവ.ഡോ. ഇമ്മാനുവൽ വട്ടക്കുഴിക്ക് ഇന്ന് ജന്മനാടിന്റെ വിട. മാതൃ ഇടവകയായ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഇന്നു രണ്ടിനാണ് സംസ്കാരം.
കോതമംഗലം രൂപത വൈദികനായ റവ.ഡോ. ഇമ്മാനുവൽ വട്ടക്കുഴി (82) വെള്ളിയാഴ്ച കോതമംഗലം ധർമഗിരി ആശുപത്രിയിലാണ് അന്തരിച്ചത്. രണ്ടാഴ്ചയോളമായി വാർധക്യസഹജമായ അസുഖങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വിയോഗം.
പൊതുവേദികളിലെ സുദീർഘമായ പ്രഭാഷണങ്ങൾ ആരുടെയും മനസിൽ ചലനങ്ങൾ സൃഷ്ടിക്കുന്നില്ലെന്നായിരുന്നു പ്രഭാഷകനായ റവ.ഡോ. ഇമ്മാനുവൽ വട്ടക്കുഴിയുടെ നിരീക്ഷണം. പകരം ആത്മസത്ത കണ്ടെത്താൻ അവരവരെത്തന്നെ പര്യാപ്തമാക്കാൻ സഹായിക്കുന്ന വ്യക്തിപരമായ സംഭാഷണമാണു ശ്രേഷ്ഠമെന്ന അടിയുറച്ച ബോധ്യമായിരുന്നു അദ്ദേഹത്തിന്.
സന്യസ്ത വൈദിക ശുശ്രൂഷയുടെ ഭാഗമായി 1986ൽ കോതമംഗലം ആവോലിച്ചാലിൽ ക്രൈസ്തവ ആധ്യാത്മികതയും ഭാരതീയ തത്വചിന്തകളും സമന്വയിപ്പിച്ച് ശാന്തിസദൻ ആശ്രമത്തിന് ഇദ്ദേഹം തുടക്കം കുറിച്ചതിനുപിന്നിലും ഈ തിരിച്ചറിവായിരുന്നു.വിവിധ ദേശങ്ങളിലെ ഭിന്ന സംസ്കാരങ്ങളിൽനിന്നു സ്വാംശീകരിക്കുന്ന അന്തഃസത്ത മനുഷ്യരുടെ പരമമായ ആനന്ദ ലക്ഷ്യത്തിലെത്താൻ പ്രചോദനമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
നാലു പതിറ്റാണ്ടോളമായ ശാന്തി സദനിൽ സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖരും ഈ ആത്മീയ ആചാര്യന്റെ ശിഷ്യരായിട്ടുണ്ട്. വൈരുധ്യസംഘർഷങ്ങളിൽ ഉള്ളുലയുന്പോൾ സമനിലയിൽ നിയന്ത്രിതമാക്കി ഏകാഗ്ര ഭാവത്തിൽ ലയിക്കാൻ ഇദ്ദേഹത്തിന്റെ പഠന നിർദേശങ്ങൾ സഹായകമായിട്ടുണ്ടെന്ന് ഒരിക്കലെങ്കിലും സമീപിച്ചിട്ടുള്ളവർ പറയും. റവ.ഡോ. ഇമ്മാനുവൽ വട്ടക്കുഴി, ആത്മീയ അന്വേഷണത്തിന്റെ പ്രായോഗികതലങ്ങൾ വിശദമാക്കുന്ന നിരവധി സംഭാഷണങ്ങളും ലേഖനങ്ങളും നിർവഹിച്ചിട്ടുണ്ട്.