ഹാള്‍ ടിക്കറ്റും റാങ്ക് ലിസ്റ്റും കത്തിച്ച് സിപിഒ ഉദ്യോഗാര്‍ഥികള്‍ മടങ്ങി
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: കാക്കിയണിയണമെന്ന മോഹമുപേക്ഷിച്ച് വനിത സിപിഒ ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും കത്തിച്ച് സമരം അവസാനിപ്പിച്ചു മടങ്ങി. റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ ജീവത്തില്‍ തെളിഞ്ഞ പ്രതീക്ഷയുടെ പ്രകാശമാണ് ഇന്നലെ അണഞ്ഞു പോയത്.
19ദിവസം സമരം ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടാകാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ നിരാശരായി മടങ്ങിയത്.
നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ വനിത സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ ആഴ്ചകളായി നടത്തിവന്ന സമരമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീർന്നതിനെ തുടര്‍ന്ന് അവസാനിപ്പിച്ചത്.
സമരം അവസാനിപ്പിക്കുന്നതിനു മുന്‍പായി നടത്തിയ പത്രസമ്മേളനത്തില്‍ സിപിഎം നേതാക്കള്‍ക്കും സര്‍ക്കാരിനുമെതിരേ ഉദ്യോഗാര്‍ഥികള്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.