പാപ്പാ എന്നും അനീതിക്ക് ഇരയാകുന്നവർക്കൊപ്പം: പി. രാജീവ്
Tuesday, April 22, 2025 2:59 AM IST
കൊച്ചി: ലോകത്തിൽ അനീതിക്കിരയാകുന്ന എല്ലാവർക്കുമൊപ്പമായിരുന്നു ഫ്രാൻസിസ് പാപ്പായുടെ നിലപാടുകളെന്ന് മന്ത്രി പി. രാജീവ് അനുസ്മരിച്ചു.
യുദ്ധങ്ങളെക്കുറിച്ചും യുദ്ധക്കൊതിയന്മാരെക്കുറിച്ചുമെല്ലാം അദ്ദേഹം ‘ഹോപ്പ്’ എന്ന പേരിലുള്ള ആത്മകഥയിൽ എഴുതി. ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും പോപ്പ് ആത്മകഥയിൽ എഴുതുമ്പോൾ കമ്യൂണിസ്റ്റുകാരെ അംഗീകരിക്കുകയും ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രവൃത്തികളിൽ അദ്ദേഹം സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്നു എന്നാണ് മനസിലാക്കിയത്.
സമ്പന്നരുടെ മാത്രമായി ഈ ലോകം മാറുന്നുവെന്നതും നമുക്കിടയിൽ മതസ്പർധ ശക്തിപ്പെടുന്നുവെന്നതുമുൾപ്പെടെ എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ ആത്മകഥയിൽ വായിക്കാൻ സാധിക്കും.
പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ ചേർത്തുപിടിച്ച കൈകളിലും പുഞ്ചിരിയുള്ള മുഖത്തും അദ്ദേഹത്തിന്റെ സ്നേഹം തനിക്കു മനസിലാക്കാൻ സാധിച്ചെന്നും മന്ത്രി അനുസ്മരിച്ചു.