ടി. ഫറോഷ് തിരുവനന്തപുരം ഡിസിപി, ഹേമലത എറണാകുളം റൂറൽ എസ്പി; വൈഭവ് സക്സേന എൻഐഎയിലേക്ക്
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കു മാറ്റം. ക്രമസമാധാനവും ട്രാഫിക്കും ചുമതലയുള്ള തിരുവനന്തപുരം ഡിസിപിയായി ടി. ഫറാഷിനെ നിയമിച്ചു. സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് എസ്പിയായിരുന്നു ഫറാഷ്.
എം. ഹേമലതയെ എറണാകുളം റൂറൽ എസ്പിയായി നിയമിച്ചു. സംസ്ഥാന ദ്രുതകർമ സേനാ വിഭാഗം കമൻഡാന്റായിരുന്നു. എറണാകുളം റൂറൽ എസ്പിയായിരുന്ന വൈഭവ് സക്സേന കേന്ദ്ര ഡെപ്യൂട്ടേഷനിൽ ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) എസ്പിയായി ദില്ലിക്ക് പോകുന്നതോടെയാണ് മാറ്റം.
വൈഭവ് സക്സേനയോട് എത്രയും വേഗം എൻഐഎ ആസ്ഥാനത്തു ചുമതലയേൽക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയ സാഹചര്യത്തിലാണ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മാറ്റം. അഞ്ചു വർഷത്തേക്കുള്ള ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് വൈഭവ് സക്സേനയെ എൻഐഎയിൽ നിയമിച്ചിരിക്കുന്നത്. 2016 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്.
തിരുവനന്തപുരം സിറ്റി ഡിസിപിയായിരുന്ന വിജയഭാരത് റെഡ്ഡിയെ കാസർഗോഡ് ജില്ലാ പോലീസ് മേധാവിയാക്കി. ടെലികോം വിഭാഗം എസ്പി ദീപക് ധൻകറെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിന്റെ എസ്പിയായി മാറ്റി നിയമിച്ചുകൊണ്ടും ഉത്തരവായി.