എൺപതിന്റെ നിറവിൽ കർദിനാൾ മാർ ആലഞ്ചേരി
Friday, April 18, 2025 2:56 AM IST
കോട്ടയം: ഒരു വ്യാഴവട്ടക്കാലം സീറോമലബാർ സഭയെ ധീരമായി നയിച്ച ശ്രേഷ്ഠ ഇടയൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എൺപതിന്റെ നിറവിൽ. നാളെയാണ് പിതാവിന്റെ ജന്മദിനം.
സഭയുടെ ചരിത്രത്തിൽ ആദ്യമായി സിനഡ് തെരഞ്ഞെടുത്ത മേജർ ആർച്ച്ബിഷപ്പാണ് കർദിനാൾ മാർ ആലഞ്ചേരി. 2011 മേയ് 24നു സിനഡ് അദ്ദേഹത്തെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്തു. മേയ് 26ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ തെരഞ്ഞെടുപ്പ് സ്ഥിരീകരിച്ചു.
മാർ ആലഞ്ചേരി മേജർ ആർച്ച്ബിഷപ്പായി സഭയെ നയിച്ച കാലത്ത് സീറോമലബാർ സഭ ആഗോള രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സഭയുടെ അജപാലന വിസ്തൃതി വിപുലീകരിച്ചതും വിദേശത്തടക്കം പ്രവാസികൾക്കായി പുതിയ രൂപതകൾ സ്ഥാപിച്ചതും മുഖ്യ നേട്ടങ്ങളാണ്.
സീറോമലബാർ സിനഡിനു വിവിധ കമ്മീഷനുകൾക്ക് രൂപം നല്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കർദിനാൾ ആലഞ്ചേരിക്കു കഴിഞ്ഞു. മാർ തോമ്മാശ്ലീഹായുടെ ഇന്ത്യൻ പ്രേഷിതത്വത്തെ സംബന്ധിച്ച ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകിയതും മാർ ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സിനഡൽ സംവിധാനമാണ്.
ആരാധനക്രമരംഗത്ത് ഏകീകൃത കുർബാനയർപ്പണവും നവീകരിച്ച യാമപ്രാർഥനകളും പുതിയ പ്രഘോ ഷണ ഗ്രന്ഥങ്ങളും രൂപംകൊണ്ടത് ഇക്കാലത്താണ്. സർവോപരി, സീറോമലബാർ സഭയുടെ ചരിത്ര ദൈവശാസ്ത്ര ആരാധനക്രമത്തിൽ അധിഷ്ഠിതമായ ഒരു സഭാവബോധം ഉൾക്കൊണ്ടുള്ള അജപാലന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ മേജർ ആർച്ച് ബിഷപ് എന്ന നിലയിൽ അദ്ദേഹത്തിനു കഴിഞ്ഞു.
1945 ഏപ്രിൽ 19ന് ചങ്ങനാശേരി തുരുത്തിയിലാണ് ജനനം. സെന്റ് ബെർക്ക്മാൻസ് കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1972 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി അതിരൂപത മതബോധന ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെസിബിസി മതബോധന കമ്മീഷന്റെ സെക്രട്ടറിയായി മൂന്നു വർഷം സേവനമനുഷ്ഠിച്ചു. തുടർന്ന് പാരീസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ടിൽ മതബോധനശാസ്ത്രത്തിൽ വൈദഗ്ധ്യം നേടുകയും ചെയ്തു.
ഇന്ത്യയിൽ മടങ്ങിയെത്തി പിഒസി ഡയറക്ടറായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായും വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ പ്രഫസറായും സേവനം ചെയ്തു. 1994 മുതൽ 1996 വരെ ചങ്ങനാശേരി അതിരൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസായി ശുശ്രൂഷ നിർവഹിച്ചു.
1996 നവംബർ 11ന് തക്കല രൂപത സ്ഥാപിച്ചപ്പോൾ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പ്രഥമ മെത്രാനായി നിയമിച്ചു. സീറോമലബാർ സഭയുടെ ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറിയായും സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ വിശ്വാസ പരിശീലന കമ്മീഷന്റെയും സിബിസിഐ ലെയ്റ്റി കമ്മീഷന്റെയും ചെയർമാനായും സേവനമനുഷ്ഠിച്ചു.
2012 ഫെബ്രുവരി 18ലെ കൺസിസ്റ്ററിയിലാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ മാർ ജോർജ് ആലഞ്ചേരിയെ കർദിനാളായി ഉയർത്തിയത്. 2013 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
സീറോമലബാർ മേജർ ആർച്ച്ബിഷപ് സ്ഥാനത്തുനിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച രാജി 2023 ഡിസംബർ ഏഴിനു ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. ഇപ്പോൾ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിശ്രമജീവിതം നയിക്കുകയാണ് മാർ ആലഞ്ചേരി.