വ്യാജ സ്വർണ തട്ടിപ്പ് : മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ച ജ്വല്ലറി ഉടമയും അറസ്റ്റിൽ
Monday, April 21, 2025 5:39 AM IST
നീലേശ്വരം: കരിന്തളം സർവീസ് സഹകരണബാങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ചതിനു ജ്വല്ലറി ഉടമ അറസ്റ്റിൽ. നീലേശ്വരം ദേവനന്ദ ഗോൾഡ് ഉടമ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി പി.വി. ബിജുവിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വർണം പണയപ്പെടുത്താൻ ശ്രമിച്ച നീലേശ്വരം സ്വദേശിനി വി. രമ്യ, കൂട്ടാളിയായ ഇരിട്ടി പടിയൂർ സ്വദേശി ടി. ഷിജിത്ത് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
916 മുദ്ര പതിപ്പിച്ച 26.4 ഗ്രാം ആഭരണങ്ങളാണ് രമ്യയും ഷിജിത്തും ബാങ്കിൽ പണയം വയ്ക്കാൻ എത്തിച്ചത്. എന്നാൽ, ഇവ മുക്കുപണ്ടങ്ങളാണെന്നു സംശയം തോന്നിയ ബാങ്ക് ജീവനക്കാർ കൂടുതൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ബാങ്ക് സെക്രട്ടറി വി. മധുസൂദനൻ പോലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ടങ്ങൾക്ക് 916 മുദ്ര പതിപ്പിക്കുകയായിരുന്നുവെന്നു തെളിഞ്ഞത്.
ഷിജിത്തിന്റെ സുഹൃത്തെന്ന നിലയിലാണു ബിജു തട്ടിപ്പിൽ പങ്കാളിയായത്. ഈ രീതിയിൽ ഇവർ വേറെയും ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
സ്വർണത്തിന്റെ പരിശുദ്ധിയുടെ കാര്യത്തിൽ ആരും കണ്ണടച്ചു വിശ്വസിച്ചുപോകുന്ന 916 മുദ്ര ദുരുപയോഗപ്പെടുത്തിയതിന് ബിജുവിനെതിരേ ഗൗരവമായ വകുപ്പുകൾ ചുമത്തും.