എമ്പുരാൻ ഇഫക്ട്? ; ഗോകുലം ഓഫീസുകളില്‍ റെയ്ഡ്
Saturday, April 5, 2025 3:05 AM IST
കോഴിക്കോട്: ‘എമ്പുരാൻ’ സിനിമാ വിവാദത്തിനു പിന്നാലെ പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെയും ചെന്നൈയിലെയും ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ പരിശോധന.
കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്‍ഡിലെ കോര്‍പറേറ്റ് ഓഫീസിലും ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്റെ കോര്‍പറേറ്റ് ഓഫീസിലുമാണ് ഒരേസമയം പരിശോധന നടന്നത്.
ഇഡി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ കോഴിക്കോട്ടെ ഓഫീസിലുണ്ടായിരുന്ന ഗോകുലം ഗോപാലനില്‍നിന്ന് വിവരം ശേഖരിച്ചു. പിന്നീട് അദ്ദേഹത്തെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതായും സൂചനയുണ്ട്. ചെന്നൈയിലെയും കൊച്ചിയിലെയും ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈ ഓഫീസിലാണ് ഇഡി സംഘം ആദ്യമെത്തിയത്. 11.30ഓടെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും കേന്ദ്രസേനയുടെ അകമ്പടിയോടെ ഇഡി സംഘമെത്തി.
ഈ സമയത്ത് ഓഫീസില്‍ ഗോകുലം ഗോപാലന്റെ നേതൃത്വത്തില്‍ 24 ന്യൂസ് ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുകയായിരുന്നു. യോഗം കഴിഞ്ഞശേഷം അദ്ദേഹത്തില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മൂന്നരയോടെയാണ് പരിശോധന പൂര്‍ത്തിയാക്കി സംഘം മടങ്ങിയത്. ഏതാനും ഫയലുകള്‍ സംഘം കൊണ്ടുപോയിട്ടുണ്ട്.
വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ) എന്നിവ പ്രകാരമാണ് നടപടികള്‍.1000 കോടിയുടെ ചട്ടലംഘനമുണ്ടായെന്നാണ് അനുമാനം. ഗോകുലം ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസുകള്‍, വിദേശ സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് ഇഡി സംഘം ലക്ഷ്യമിടുന്നത്.
ഗോകുലം ഗോപാലന്റെ വിവിധ കമ്പനികള്‍ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളും ലിസ്റ്റിലുണ്ട്. ഈയിടെ വിവാദമായ ‘എമ്പുരാന്’ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്.
ഈ സിനിമയിലെ ചില രംഗങ്ങള്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എടുത്തുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി എത്തിയത്. 2017ലും 2023ലും ആദായനികുതി വിഭാഗം ഗോകുലത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായ നടപടിയെന്നാണ് ഇഡി പറയുന്നത്.