ചാർജിംഗ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ കെഎസ്ഇബി
Saturday, April 5, 2025 1:38 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ചാർജിംഗ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ കെഎസ്ഇബി.സംസ്ഥാനത്ത് 63 പൊതുചാർജിംഗ് സ്റ്റേഷനുകളാണ് വൈദ്യുതി ബോർഡിനു കീഴിലുള്ളത്. ഇവിടങ്ങളിൽ കഫെറ്റേരിയ, ടോയ്ലറ്റ്, വിശ്രമസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു സ്വകാര്യ നിക്ഷേപം സ്വീകരിക്കാനാണ് പദ്ധതി. ഇതിനായി ടെൻഡർ ക്ഷണിച്ചു.
റിഫ്രഷ്മെന്റ് ആന്‍ഡ് റീചാർജ് എന്ന പേരിലുള്ള പദ്ധതി ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിക്ഷേപകർക്ക് കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനുകൾ പത്തുവർഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശവും നൽകും. ഇതിനു പുറമെ നിശ്ചിത വൈദ്യുതി ഉപഭോഗവും ഉറപ്പാക്കണം.
നിലവിൽ ചാർജിംഗ് സംബന്ധമായ പണമിടപാടുകൾ നടത്തുന്നതിന് വ്യത്യസ്ത വാലെറ്റുകൾ ഉപയോഗിക്കേണ്ടിവരുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് പുതിയ സംവിധാനം ഒരുക്കും. ഇതു പ്രാവർത്തികമാകുന്പോൾ ആപ്പുകളുടെയോ വാലറ്റുകളുടെയോ സഹായമില്ലാതെ യുപിഐ പോലുള്ള മാർഗങ്ങളിലൂടെ വാഹനങ്ങൾ ചാർജ് ചെയ്യാനാകും. ഇതിനായി നിർമിതബുദ്ധി അധിഷ്ഠിതമായ സൗകര്യങ്ങളും ഒരുക്കും.
ഭാവിയിൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഉപഭോക്താക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൂടുതൽ ആകർഷിക്കാനുമുള്ള ശ്രമത്തിലാണ് വൈദ്യുതി ബോർഡ്.