ഐബി ഉദ്യോഗസ്ഥയുടെ മരണം: ജാമ്യഹര്‍ജിയില്‍ വിശദീകരണം തേടി
Saturday, April 5, 2025 1:38 AM IST
കൊച്ചി: ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്ത്തകന് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
യുവതിയുടെ വീട്ടുകാര്‍ താനുമായുള്ള വിവാഹത്തെ എതിര്‍ത്തതില്‍ മനംനൊന്താണു ജീവനൊടുക്കിയതെന്നതടക്കം ആരോപിച്ചു നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് പരിഗണിച്ചത്.
അതേസമയം, അറസ്റ്റ് വിലക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും ഇതിനെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തത് വലിയ തോതില്‍ മാനസിക സമ്മര്‍ദത്തിന് ഇടയാക്കിയെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
വീട്ടുകാര്‍ വേറെ വിവാഹത്തിനു നിര്ബന്ധിക്കുന്നതിനാല് ഏറെ മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നതായി യുവതി പറഞ്ഞിരുന്നു.
യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ മാതാപിതാക്കളുണ്ടാക്കിയ മാനസികസമ്മര്ദമാണു കാരണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.