പിഎസ്സി അംഗങ്ങളുടെ ശന്പളവർധനയ്ക്കു പിന്നാലെ പെൻഷൻ ഉയർത്താനും നീക്കം
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻതോതിൽ ഉയർത്തിയതിനു പിന്നാലെ മുൻ ചെയർമാന്റെയും അംഗങ്ങളുടെയും പെൻഷനും ഉയർത്താൻ നീക്കം തുടങ്ങി. ഇതു സംബന്ധിച്ച ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്നു സൂചന. വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്.
പ്രവർത്തിച്ച വർഷങ്ങളുടെ അടിസ്ഥാനത്തിലാണ് പിഎസ്സി മുൻ ചെയർമാൻമാർക്കും അംഗങ്ങൾക്കും പെൻഷൻ ലഭിക്കുക. കാലാവധി പൂർത്തിയാക്കിയ ചെയർമാന് പുതുക്കിയ നിരക്ക് അനുസരിച്ച് 1.80 ലക്ഷം പെൻഷനായി ലഭിക്കും. അംഗങ്ങൾക്ക് 1.6 ലക്ഷം രൂപയും.
പെൻഷൻ പരിഷ്കരണത്തിനും മുൻകാല പ്രാബല്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പിഎസ്സി അംഗങ്ങളുടെ ശന്പള വർധന നടപ്പാക്കിയ മാസം മുതലാകും പെൻഷൻ പരിഷ്കരണവും പ്രാബല്യത്തിൽ കൊണ്ടുവരികയെന്നാണു വിവരം.
ഇതുകൂടാതെ മുൻകാലങ്ങളിലുള്ളതുപോലെ ഇവരുടെ ആജീവനാന്ത ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കേന്ദ്രനിരക്കിലെ ക്ഷാമാശ്വാസമാണ് ഇവർക്ക് അടിസ്ഥാന പെൻഷനോടൊപ്പം ലഭിക്കുക.
ഒരു വർഷത്തിൽ രണ്ടു തവണയാണ് കേന്ദ്ര പെൻഷൻകാരുടെ ക്ഷാമാശ്വാസം വർധിപ്പിക്കുക, ജനുവരിയിലും ജൂലൈയിലും. കേന്ദ്ര പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിന് അനുസരിച്ചു വിരമിച്ച ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമാശ്വാസവും വർധിക്കും.
ഫലത്തിൽ ഒരുവർഷം രണ്ടുതവണ ഇവർക്ക് പെൻഷന് വർധനവുണ്ടാകും. ഇതു കൂടാതെയാണ് വിരമിച്ച പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെ പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നത്.