"എല്ലാറ്റിനും പിന്നില്‍ ദിലീപ്'; വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
Friday, April 4, 2025 3:08 AM IST
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിനു പിന്നില്‍ നടന് ദിലീപാണെന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി പള്‍സര്‍ സുനി. സ്വകാര്യ ചാനലിന്റെ ഒളികാമറ ഓപ്പറേഷനിലാണ് പള്‍സര്‍ സുനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് സുനിയുടെ വെളിപ്പെടുത്തല്‍.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണ്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തു. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. മുഴുവന്‍ തുകയും കിട്ടിയില്ല. തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ട്. ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍നിന്നു പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തി. ക്വട്ടേഷനു പിന്നില്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമായിരുന്നു.
ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. എന്താണു സംഭവിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.
നിര്‍ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്നാണ് സുനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അത് എവിടെയാണെന്നു പറയില്ല. പറയാന്‍ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തതു പോലീസിന്റെ കുഴപ്പമാണ്. പ്രധാന തെളിവായ പീഡനദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചത് കുരുക്കായി.
പീഡനദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകയ്ക്കു നല്‍കിയത്. മെമ്മറി കാര്‍ഡ് അഭിഭാഷകയാണ് കോടതിക്കു കൈമാറിയത്. മെമ്മറി കാര്‍ഡ് പോലീസിനു കിട്ടിയില്ലെങ്കില്‍ ഇത്രനാള്‍ ജയിലില്‍കിടക്കേണ്ടി വരില്ലായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.
ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചു. ആ ലൈംഗിക അതിക്രമങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കി. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കുമറിയാമെങ്കിലും ആരും ഒന്നും പറയില്ല. നിലനില്‍പ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്നം. റീമ കല്ലിങ്കലിനെപ്പോലെ ആരുടെയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നുപറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു .
നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ക്കും സംവിധായകന് ശ്രീകുമാര്‍ മേനോനും കേസില്‍ ബന്ധമില്ല. അവരെ ഈ കേസിലേക്ക് വലിച്ചിട്ടതാണ്. ശ്രീകുമാര്‍ മേനോനെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും സുനി പറഞ്ഞു.
ജയിലില്‍ കഴിയുമ്പോള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു. തന്നെ അടിച്ചു നശിപ്പിച്ചു. ഇതിനുശേഷമാണ് ദിലീപിന് കത്തയച്ചതെന്നും അതോടുകൂടിയാണ് കൊലപാതകശ്രമം അവസാനിച്ചതെന്നും സുനി പറഞ്ഞു. ഈ നിമിഷംവരെ താന്‍ ദിലീപിനെ സംരക്ഷിച്ചു. വിശ്വാസ്യത നിലനിര്‍ത്തി.
ദിലീപ് ചതിച്ചിട്ടും ദിലീപിനെ സംരക്ഷിച്ചെന്നും ഇതുവരെ ഒരു കാര്യവും പുറത്തുപറഞ്ഞിട്ടില്ലെന്നും സുനി പറഞ്ഞു. താന്‍ പുറത്തു പറഞ്ഞാല്‍ വേറെ ആളുകള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പും ഒന്നാം പ്രതിയായ സുനി നല്‍കുന്നുണ്ട്.
2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ബലാത്സംഗത്തിനിരയായത്. നടന് ദിലീപ് ഉള്‍പ്പെടെ ഒമ്പതു പ്രതികളാണ് കേസിലുള്ളത്. 2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി. 86 ദിവസത്തിനു ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. 1600 രേഖകളാണു കേസില്‍ കൈമാറിയത്.
2018 മാര്‍ച്ചിലാണ് കേസിലെ വിചാരണനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ പരിശോധിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. കേസിലെ വിചാരണനടപടികള്‍ പൂര്‍ത്തിയായിവരികയാണ്.
നിയമനടപടി വേണമെന്ന് വി.ഡി. സതീശൻ
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു ക്രിമിനലിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടെങ്കില്‍ അന്വേഷണസംഘം നിയമപരമായ രീതിയില്‍ തെളിവെടുപ്പ് നടത്തി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പുതിയ തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വിചാരണവേളയില്‍ കോടതിയില്‍ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.