ഷെറിന്റെ മോചനം: നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ ശിക്ഷാ ഇളവു നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശിപാർശയിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ തുടർ നടപടി സ്വീകരിക്കും.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷെറിനെ ശിക്ഷാ ഇളവു നൽകി മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാർശ ലഭിച്ച ഉടൻ തന്നെ ഗവർണർ, നിയമോപദേശത്തിന് അയച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 13നാണ് മന്ത്രിസഭ തീരുമാനമടങ്ങിയ ഫയൽ രാജ്ഭവനിൽ ലഭിച്ചത്. മന്ത്രിസഭാ ശിപാർശയ്ക്കൊപ്പം ജയിൽ, പോലീസ്, പ്രൊബേഷനറി ഓഫിസർ തുടങ്ങിയവരുടെ ശിപാർശകളും രാജ്ഭവനിൽ സർക്കാർ എത്തിച്ചിരുന്നു.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫയൽ അയച്ചത്. ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിക്കപ്പെട്ട ശേഷം 25 വർഷം കഴിഞ്ഞവർക്കുപോലും ശിക്ഷാ ഇളവു നൽകാത്ത സാഹചര്യത്തിൽ ഷെറിന്റെ മോചനം പരിഗണിക്കാൻ കഴിയുമോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്.
മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗവർണർക്കു നൽകിയ കത്തും നിയമോപദേശത്തിനു സമർപ്പിച്ചിട്ടുണ്ട്. മോചന ശിപാർശയ്ക്കു പിന്നാലെ സഹ തടവുകാരിയെ മർദിച്ച സംഭവത്തിലെ പോലീസ് കേസ് അടക്കം ഇക്കാര്യത്തിൽ പരിഗണിക്കും.