മാസപ്പടിക്കേസിൽ എസ്എഫ്ഐഒ കുറ്റപത്രം; ഒന്നരവര്‍ഷം നീണ്ട നിയമപോരാട്ടം ഫലം കാണുന്നു: ഷോൺ ജോർജ്
Friday, April 4, 2025 3:08 AM IST
കോട്ടയം: ഒന്നരവര്‍ഷം നീണ്ട നിയമപോരാട്ടം ഫലം കണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയല്ല പ്രതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണു പ്രതിയെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇതു മുഖ്യമന്ത്രിക്കുവേണ്ടി കൊടുത്ത പണമാണ്. വീണ ഇതില്‍ ഒരു ഘടകം മാത്രമേയുള്ളൂ.
പ്രതി മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല. അദ്ദേഹം രാജിവയ്ക്കണം. സിപിഎമ്മിനു ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ അനുവദിക്കരുത്.
നിരവധിയായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നഷ്ടം വരുത്തിയാണ് ഇത്തരം ഒരു കരാര്‍ സര്‍ക്കാര്‍ നല്‍കിയത്. വീണയ്ക്കു മാത്രമല്ല, പാര്‍ട്ടിയിലെ പല ഉന്നതര്‍ക്കും ഇതിന്റെ വിഹിതം കിട്ടിയിട്ടുണ്ട്. എന്തു സേവനമാണ് എക്സാലോജിക് കമ്പനി കരിമണല്‍ കമ്പനിക്ക് കൊടുത്തതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ വീണാ വിജയനോ സാധിച്ചിട്ടില്ല.
അധികാരവും നിയവവും പദവിയും വച്ച് കിട്ടാവുന്ന രീതിയിലൊക്കെ ഈ കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തിയെങ്കിലും എസ്എഫ്ഐഒ അതിന്റെ പൂര്‍ണതയില്‍ പഴുതടച്ച് നടത്തിയാല്‍ അന്വേഷണത്തില്‍ കേസ് ഇപ്പോള്‍ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഇതില്‍നിന്നു രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല.
തനിക്കും കുടുംബത്തിനുമെതിരേ ഭീഷണിയും മറ്റു പലതലങ്ങളിലുമുള്ള ആക്രമണങ്ങളും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്നുണ്ടായി. ഇതിനെയെല്ലാം പ്രതിരോധിച്ച് ധീരമായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടിരിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.